ഞാനും സ്വപ്നത്തിലെ ഞാനും കൂടെ അഗാധമായ കൊക്കയിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ബെല്ലടിഞ്ഞത്.

അളിയോ… തമ്പിയളിയോ… ഒരു വിശേഷം ഉണ്ട്.

എന്നതാടോ ഉവ്വേ..ഈ കൊച്ചു വെളുപ്പാന്‍ കാലത്ത്‌ ? അല്ലാ, കുറച്ചു
കാലാമായിട്ടു നിന്‍റെ ഒരു വിവരവുമില്ലായിരുന്നല്ലോ?

ഇപ്പൊ ഇതെവിടുന്നാ?

ഞാന്‍ ഇവിടെ കോഴിക്കോട് തന്നെ ഉണ്ട്. പിന്നെ എന്‍റെ കല്യാണം ശരിയായി കേട്ടോ.

ഒരു അഞ്ചാറു മാസം മുന്‍പാണ് അവനെ അവസാനമായി കണ്ടത്‌. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ മലബാര്‍ എക്സ്പ്രസ്സും വെയിറ്റ് ചെയ്തിരിക്കുമ്പോള്‍ അവന്‍ കുറെ കാര്യങ്ങള്‍ പറഞ്ഞതോര്‍മ്മ വന്നു.

ഒറ്റയ്ക്കുള്ള ജീവിതം മടുത്തളിയാ. എന്നും ഓഫീസ് – റൂം. റൂം – ഓഫീസ്.
വെള്ളിയാഴ്ച ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസ്സിലെ ജനറല്‍
കമ്പാര്‍ട്ട്മെന്റില്‍ ശ്വാസം പോലും കഴിക്കാനാവാതെ വീട്ടിലേയ്ക്കെത്തണമെന്നൊന്നും ഇപ്പൊ തോന്നുന്നില്ല. എന്തിനു വേണ്ടിയാണ് ഈ അലച്ചില്‍ ? എന്നെ സ്നേഹിക്കാനും ശാസിക്കാനും ഒരാള്‍ വേണം. ഈ കള്ളുകുടിയും സിഗരറ്റ് വലിയൊക്കെ നിര്‍ത്താന്‍ ഇനി അവളെക്കൊണ്ടേ പറ്റൂ.

അതെന്താ? അതൊക്കെ വേണ്ടാന്നു നീതന്നെ തീരുമാനിച്ചാല്‍ പോരേ? വെറുതെയെന്തിനാ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നത് ?

നീ ഓരോ കൊനിഷ്ടു പറഞ്ഞെന്റെ മനസ്സ് മാറ്റരുത്‌. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു കല്യാണം കഴിച്ചാല്‍ ഇതൊക്കെ മാറും. ബ്രോക്കര്‍ നാണുവേട്ടനോട് സംസാരിക്കണം. അങ്ങേരുടെ കസ്റ്റഡിയില്‍ കൊള്ളാവുന്ന പെന്‍പിള്ളാരൊക്കെ ഉണ്ടാവും.

പിന്നീട് കൂട്ടുകാരില്‍ നിന്നൊക്കെ അറിഞ്ഞത് കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്നുണ്ട് എന്നാണ്.

ആവാനാണിപ്പോ വര്‍ധിത സന്തോഷത്തില്‍ കല്യാണം ശരിയായി എന്നും പറഞ്ഞുകൊണ്ട് ഫോണിന്‍റെ അങ്ങേത്തലക്കല്‍ നില്‍ക്കുന്നത്‌.

കണ്‍ഗ്രാജുലേഷന്‍സ് മച്ചാ… ഒരുപാട് ബിസ്കറ്റും ചായയും കഴിച്ചിട്ടാണെങ്കിലും
കല്യാണം റെഡി ആയല്ലോ. അതു മതി. ആ ബ്രോക്കര്‍ നാണുവിന്‍റെ നെറ്റ്‌വര്‍ക്ക് കൊള്ളാല്ലോ ?

ആശാനെ, നാണു ചതിച്ചാശാനെ…

മം? അതെന്തേ?

നാണുവിന്‍റെ നെറ്റ്‌വര്‍ക്ക് കൊണ്ട് കാര്യമായ മെച്ചമൊന്നുമുണ്ടായില്ല. അവസാനം ഇന്‍റിമേറ്റ്‌ മാട്രിമോണിയില്‍ നിന്നൊരു പെണ്‍കുട്ടിയെ കണ്ടു പിടിച്ചു. പേര്
ദീപ, തൃശ്ശൂരാണ് വീട്.

അതേതു മാട്രിമോണി ?
Image
അങ്ങനെ ഒന്നുണ്ട്. ഇരിങ്ങാലക്കുടയാണ് അവരുടെ ഹെഡ്ഓഫീസ്.

രജിസ്ട്രേഷനു കാശ് വല്ലോം വേണോടാ?

ഹേയ്‌… രജിസ്ട്രേഷന്‍ ഫ്രീയാണ്. പക്ഷേ കോണ്‍ടാക്റ്റ് നമ്പര്‍ കിട്ടണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ശരിയെടാ മോനെ. ഞാന്‍ നമ്മുടെ ബാക്കി പിള്ളേരെ കൂടെ വിളിക്കട്ടെ. ഇല്ലേല്‍ മൊത്തം പരാതിയാവും. ഓക്കേ ബൈ..

ബൈ ബൈ.

ഇന്‍റിമേറ്റ്‌ മാട്രിമോണി. അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലല്ലോ? ആകെയുള്ളത്
കേരള മാട്രിമോണിയില്‍ ഒരു പ്രൊഫൈല്‍ ആണ്. കനത്ത ബോറടി തോന്നുമ്പോ മാട്രിമോണി തുറന്നു വച്ച് നല്ല പെണ്‍കുട്ടികളെ നോക്കിയിരിക്കുന്നതൊരു രസമുള്ള ഏര്‍പ്പാടാണ്. എന്നാപിന്നെ ഇരിക്കട്ടെ ഇന്‍റിമേറ്റിലും ഒരു പ്രൊഫൈല്.

ഇന്‍റിമേറ്റ്‌ മാട്രിമോണിയുടെ വെബ്സൈറ്റ് തുറന്നു വച്ചു. സുന്ദരിയായ
പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും രമ്യ രാധാകൃഷ്ണന്റെ ലാളിത്യം എനിക്കങ്ങു ക്ഷ ബോധിച്ചു.

രമ്യ രാധാകൃഷ്ണന്‍, 25 വയസ്സ്, ഉയരം 5’2”. സ്വജാതി, ബിരുദധാരി, കോഴിക്കോട്‌
സ്വദേശി.

എക്സ്പ്രസ്സ്‌ ഇന്റരസ്റ്റ് ബട്ടണില്‍ വിരലമര്‍ന്നു. കേരള മാട്രിമോണി
നോക്കിയിട്ട് ഇപ്പൊ കുറച്ചായി. ലോഗിന്‍ ചെയ്തു. കാണാന്‍ കൊള്ളാവുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും എക്സ്പ്രസ്സ്‌ ഇന്റരസ്റ്റ് അയച്ചപ്പോഴാണ് രമ്യ
രാധാകൃഷ്ണനെ ഫേസ് ബുക്കില്‍ സെര്‍ച്ച്‌ ചെയ്താലെന്താ എന്ന് തോന്നിയത്‌.

മുഖമുള്ളതും ഇല്ലാത്തതുമായ രമ്യ രാധാകൃഷ്ണന്മാര്‍ വരിവരിയായ്‌
നില്‍ക്കുമ്പോഴാണ് ഉണ്ണിമായ ചാറ്റിലൂടെ “ഹായ്” പറഞ്ഞത്‌. ഉണ്ണിമായ എന്‍റെ
കോളേജ് സീനിയര്‍ ആണ്. ഞാന്‍ കോളേജില്‍ ചേരുമ്പോ അവര്‍ ഫൈനല്‍ ഇയര്‍ ആയിരുന്നു.
അന്നേയുള്ള ബന്ധമാണ്. അവര്‍ക്ക് കൂടപ്പിറപ്പുകള്‍ ആരുമില്ലാത്തത് കൊണ്ട്
എന്നോട് വലിയ സ്നേഹമാണ്. സ്വന്തം ചേച്ചിയോട് തോന്നുന്ന അതേ സ്നേഹം എനിക്കും അവരോട് തോന്നിയിട്ടുണ്ട്. അവരുടെ കല്യാണം ഇതുവരെയും ശരിയായിട്ടില്ല.

എന്താ മായേച്ചി, സുഖം തന്നെയല്ലേ ?

ഓ, എന്നാ പറയാനാന്നേ. ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു.

ഇന്നലെ കണ്ട ഓര്‍ഡിനറി എന്നാ സിനിമയിലെ ഡയലോഗ് അടിക്കാന്‍ പറ്റിയ സമയമിതാണ് എന്ന് മനസ്സിലോര്‍ത്തു ചാറ്റില്‍ ഇങ്ങനെ എഴുതി,

ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?

ഞാന്‍ ആകെ കലിപ്പായിട്ടു നില്‍ക്കുവാ. നീ വെറുതെ എന്‍റെ  വായിലിരിക്കുന്നത് കേള്‍ക്കണ്ട.

നിങ്ങളൊന്നു ചൂടവാതെന്റെ മായേച്ചി.

നിന്റെ മായെച്ചിയോ? അതെന്നു മുതല് ?

അല്ല. വല്ലോരുടേം മായേച്ചി.

ങ്ഹാ. അത് തന്നെയാ പ്രശ്നം. വല്ലോരുടേം ആയില്ല.

“എന്നെയിങ്ങനെ തീ തീറ്റാതെ, വല്ലോരുടേം കൂടെ ഇറങ്ങിപ്പോയ്ക്കുടെ നിനക്ക്” എന്ന് അമ്മ പറഞ്ഞപ്പോ ഞാന്‍ ശരിക്ക് തളര്‍ന്നു പോയെടാ.

അയ്യോ, അമ്മയെന്താ അങ്ങനെ പറഞ്ഞത്‌?

ഞാന്‍ പറഞ്ഞില്ലായിരുന്നോ, കഴിഞ്ഞ ആഴ്ച ഒരാള് കാണാന്‍ വന്നത്?

ഏത്‌ ? ആ രാജസ്ഥാന്‍കാരനോ ?

അതെ. ബാലുശ്ശേരിയിലാണ് അവരുടെ വീട്. പക്ഷെ സെറ്റില്‍ ആയിരിക്കുന്നത്
രാജസ്ഥാനിലാണ്. അങ്ങേര്‍ക്കു 42 വയസ്സുണ്ട്. അവിടെ ബിസിനസ്‌ ആണെന്നെ
എല്ലാര്ക്കും അറിയൂ. എന്ത് ബിസിനസ്‌ ആണെന്നൊന്നും ആര്‍ക്കും അറിഞ്ഞുട.
നിനക്കറിയാലോ, ഇതൊക്കെ അന്വേഷിക്കാന്‍ ഇവിടെ ആരാ ഉള്ളത് ? അമ്മാവനൊക്കെ ഞാന്‍ ഒരു ബാധ്യത ആയതു പോലെയാണ് പെരുമാറുന്നത്.

അച്ഛനുണ്ടായിരുന്നെങ്കില്‍…

എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ?

അതല്ലടാ. അമ്മാവന്റെ മോനെക്കൊണ്ട് ഞാന്‍ അന്വേഷിപ്പിച്ചു. ടയര്‍ ബിസിനസ്‌ ആണെന്നാണ് പറഞ്ഞത്‌. ഞാന്‍ ഒരു യെസ് മൂളിയാല്‍ എല്ലാര്ക്കും സന്തോഷമാവും. ഈ കല്യാണം നടക്കുകേം ചെയ്യും. പക്ഷെ എന്നെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. എനിക്ക് ഇഷ്ടമാവാത്ത ഒരാളുടെ കൂടെ ഞാന്‍ എങ്ങനെയാ ജീവിതകാലം മുഴുവന്‍ കഴിയുക? അത്
കൊണ്ട് ഞാന്‍ എനിക്കിഷ്ടമില്ല എന്ന് പറഞ്ഞു. അതോടെ തീര്‍ന്നില്ല. ഇന്നലെ
വൈകുന്നേരം വേറെ ടീം വന്നിരുന്നു. ചെക്കന്‍ ഭോപാലില്‍ സെറ്റില്‍ഡ്. അവന്‍റെ ചേച്ചിയും അമ്മയുമാണ് വന്നത്. അവര്‍ക്കാദ്യം  അറിയേണ്ടത്‌ കല്യാണം റെഡി ആയാല്‍ ഞാന്‍ ജോലി രാജി വയ്ക്കുമോ എന്നാണ്. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു പറ്റില്ലാന്നു. അവര് പോയി കഴിഞ്ഞപ്പോ അമ്മ  ഉറഞ്ഞു തുള്ളി. എന്തൊക്കെയോ പറഞ്ഞു.

നീയിങ്ങനെ രാജകുമാരനെയും കാത്ത് ഇങ്ങനെ നിന്നോ. അവസാനം മൂക്കില്‍ പല്ല് വരും എന്നൊക്കെ. ഞാന്‍ പറഞ്ഞു, എനിക്കീ ജോലിയുള്ളിടത്തോളം കാലം വരെ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. കല്യാണം നടന്നില്ലേല്‍ വേണ്ട എന്ന്. അപ്പോഴാ പറഞ്ഞത്‌, എന്‍റെ മനസ്സമാധാനം തകര്‍ക്കാതെ വല്ലവരുടെയും  കൂടെ ഇറങ്ങിപ്പോയ്ക്കുടെ എന്ന്.

വല്ലവരുടെയും കൂടെ ഇറങ്ങിപ്പോയാല്‍ ഉണ്ടാവുന്ന ചീത്തപ്പേര് അമ്മ സഹിക്കുമോ എന്ന ചോദ്യം അമ്മ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു.

പിന്നെ കുറെ കരച്ചിലും പിഴിച്ചിലും…

മം. സാരമില്ലെന്നേ. എല്ലാം ശരിയാകും. അല്ലെങ്കിലും ഒരു കപ്പ്‌ ചായയ്ക്കോ
കാപ്പിക്കോ ഇടയില്‍ കിട്ടുന്ന 5 നിമിഷമാണല്ലോ നമ്മുടെയൊക്കെ ജീവിതം
തീരുമാനിക്കുന്നത്?.

മാട്രിമോണി വഴി ഇപ്പൊ പ്രൊപോസല്‍ ഒന്നും വരാറില്ലേ?
Image
ഞാനെന്‍റെ കേരള മാട്രിമോണിയിലെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു.

എന്തുപറ്റി?

കഴിഞ്ഞാഴ്ച എന്‍റെ പ്രൊഫൈലില്‍ ഒരാള്‍ ഇന്റെരെസ്റ്റ്‌ അയച്ചിരുന്നു. അവരെ അമ്മാവന്‍ വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചപ്പോ പറഞ്ഞത്‌ എത്രയും വേഗം ബാക്കി കാര്യങ്ങള്‍ വിളിച്ചു പറയാം എന്നാണ്. ഇതൊക്കെ കേട്ടപ്പോ തന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമായി. ആ ചേട്ടന്‍ ഫേസ് ബുക്കിലുണ്ട്. എന്നെ ഫ്രണ്ട് റിക്വസ്റ്റ് അസെപ്റ്റ്‌  ചെയ്തു. പക്ഷെ അത് കഴിഞ്ഞതിനു ശേഷം പിന്നെ അവരുടെ ഭാഗത്ത്‌ നിന്നും ഒരു മറുപടിയും വന്നില്ല. എന്ത് പറ്റിയെ ആവോ ?

ഇനി ചിലപ്പോ അവന്‍ നമ്മളെപ്പോലെ ഉള്ള വല്ലവനും ആകും.

എന്ന് വച്ചാല്‍?

വെറുതെ മാട്രിമോണി ഓപ്പണ്‍ ചെയ്തു വച്ചു കാണുന്നവര്‍ക്കൊക്കെ റിക്വസ്റ്റ്
അയക്കുവര്‍.

അപ്പൊ അവന്‍ വെറുതെ അയച്ചതായിരിക്കുമോ? നീ അങ്ങനെ വെറുതെ അയക്കാറുണ്ടോ?

ഞാന്‍ വെറുതെ പറഞ്ഞതാ. ഞാന്‍ അങ്ങനെ അയക്കാറില്ല. പക്ഷെ കുറെ പേര്‍ അങ്ങനെ ചെയ്യാറുണ്ട്. ഇപ്പോഴും അവരുടെ സൈഡില്‍ നിന്നും ഒരു റസ്പൊന്‍സും ഇല്ലെങ്കില്‍ പിന്നെ അതങ്ങനെ ആവാനേ തരമുള്ളൂ.

നീയടക്കമുള്ള മിക്കവാറും ആണുങ്ങള്‍ക്കും ഇതൊക്കെ വെറും തമാശയാണ്. സ്വന്തം മക്കള്‍ക്ക്‌ അനുയോജ്യരായ വധൂ വരന്മാരെ തേടുന്ന മാതാപിതാക്കളോടും സ്വന്തമായി പങ്കാളിയെ തേടുന്ന എന്നെയുമോക്കെയാണ് വെറുതെ ഒരു ആശ തന്നിട്ട് കൊതിപ്പിക്കുന്നത്. ഞങ്ങള്‍ക്കിത് ജീവിതമാണ്. ഒരുപാടു സ്വപ്‌നങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് കൊതിച്ചിരിക്കുന്ന ജീവിതം. ആ സ്വപ്നമാണ് നിങ്ങളെപ്പോലെയുള്ള  ആണുങ്ങള്‍ ചവിട്ടി മെതിക്കുന്നത്. ഇതൊക്കെ മനസ്സിലാകണമെങ്കില്‍ നീയും ഒരച്ഛനാവണം. കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളുടെ അച്ഛന്‍.

എന്‍റെ മായേച്ചി, നിങ്ങളോന്നടങ്ങ്‌.

ഇന്റെരെസ്റ്റ്‌ ഇല്ലെങ്കില്‍ അവരോട് ഡിക്ലൈന്‍ ചെയ്തോളാന്‍ ഞാന്‍ പറഞ്ഞതാ. അതും ചെയ്യുന്നില്ല.

നിങ്ങളിത് വലിയ ഇഷ്യൂ ആക്കണ്ട മായേച്ചി.

ഈയൊരു പ്രൊപോസല് വന്നപ്പോ എല്ലാര്ക്കും ഭയങ്കര സന്തോഷായി. പക്ഷെ അവരൊന്നും പറയുന്നില്ലെങ്കില്‍ പിന്നെ നമ്മളെന്തു ചെയ്യാനാ?. എന്‍റെ കല്യാണമൊക്കെ ഞാന്‍ തന്നെ നോക്കണം. സഹായിക്കാനൊന്നും ആരും ഇല്ല. കുടുംബക്കാരോക്കെ വെറുതെ ഒരു പേരിന് മാത്രേയുള്ളൂ. അച്ഛന്‍ അങ്ങു പോയപ്പോ പിന്നെ മൊത്തം ഒരു ശൂന്യതയാണ്.

ഈയിടെയായിട്ട് പുറത്തോട്ടിറങ്ങാന്‍ പറ്റുന്നില്ല. എല്ലാവര്ക്കും ഒരേ ചോദ്യം.
എന്താ മോളെ, കല്യാണമൊന്നും ആയില്ലെന്ന്? പോരാത്തതിന് ദയനീയമായ നോട്ടങ്ങളും. ഈ ഒരു പ്രൊപോസല് വന്നപ്പോ ഞാന്‍ എത്ര നേര്ച്ചകളൊക്കെ നേര്‍ന്നിട്ടുണ്ടെന്നറിയാമോ ?

അല്ലെങ്കിലും നാട്ടുകാര്‍ക്ക്‌ ഈ വക കാര്യത്തില് ഭയങ്കര ഉത്കണ്‍ഠയായിരിക്കും.
എന്നാലവരൊന്നും ഒരു നല്ല ആലോചന കൊണ്ടുവരില്ല. കുറ്റം പറയാന്‍ മാത്രം എല്ലാവരും കാണും.  ചേച്ചി പേടിക്കണ്ട. കല്യാണം എത്രയും വേഗം ശരിയാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം.

കല്യാണം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണ്ട. ഇതുപോലെ ഇനിയും ആരും
പറ്റിക്കരുതെന്നു പ്രാര്‍ഥിച്ചാല്‍ മതി.

അതൊന്നുമില്ല ചേച്ചി. ചേച്ചിയുടെ മനസ്സിന്റെ നന്മയ്ക്കൊത്ത ഒരാളെ കിട്ടും.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ കല്യാണം കഴിഞ്ഞാല്‍ അതാ നല്ലത്, അത് കഴിയുന്തോറും സ്വന്തം വീട്ടില്‍ അധികപ്പറ്റാവും. ജോലി കൂടെ ഇല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുകയൊന്നും വേണ്ട. എല്ലാം ശരിയാവും. എല്ലാം കാണുന്ന ഒരാള്‍ ഉണ്ടല്ലോ ?

ആര് കാണുന്നു ? ഇത്രേം കാലമായിട്ടും കാണുന്നില്ലല്ലോ ? എനിക്ക് മടുത്തു.
ശോഭനയും, മദര്‍ തെരെസയുമോന്നും കല്യാണം കഴിച്ചിട്ടല്ലല്ലോ ജീവിക്കുന്നത്
അല്ലെങ്കില്‍ ജീവിച്ചത്? എനിക്കിപ്പോ കല്യാണം കഴിക്കണമെന്നോന്നും
തോന്നുന്നില്ല. ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചാല്‍ മതി. പക്ഷെ അമ്മയുടെ വിഷമം കാണുമ്പോള്‍ എനിക്ക് ഭയങ്കര സങ്കടം തോന്നും. എനിക്കിപ്പോ ഒരു വലിയ അനാഥത്വം ഫീല്‍ ചെയ്യുന്നു. എന്നെ ആര്‍ക്കും വേണ്ട അല്ലെ ?

ചേച്ചി ഇങ്ങനെയൊന്നും പറയാതെ. എല്ലാം ശരിയാവും.

ശരി പോട്ടെടാ. ഇതൊക്കെ നിന്നോട് പറഞ്ഞപ്പോ ഒരു സമാധാനമുണ്ട്. നീ ആര്‍ക്കും വെറുതെ എക്സ്പ്രസ്സ്‌ ഇന്റെരെസ്റ്റ്‌ ഒന്നും അയക്കരുത് കേട്ടോ. നീ അങ്ങനൊന്നും ചെയ്യില്ല എന്നെനിക്കറിയാം. എന്നാലും ഞാന്‍ വെറുതെ പറഞ്ഞെന്നേയുള്ളൂ. പിന്നെ കാണാം. ബൈ

ആ വാക്കുകള്‍ ഒരു ചാട്ടുളി കണക്കെ എന്നെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. ഈശ്വരാ.. ഞാന്‍ രാവിലെ ചെയ്തത് എത്ര വലിയ ചതിയാണ്. ഞാന്‍ അയച്ച റിക്വസ്റ്റ്കളൊക്കെ ആ പെണ്‍കുട്ടികള്‍ക്ക്‌ എന്തുമാത്രം പ്രതീക്ഷകളായിരിക്കും നല്‍കിയിട്ടുണ്ടാവുക?

ഇന്റിമേറ്റ് മാട്രിമോണി പേജ് തുറന്നുനോക്കി. ഇപ്പോള്‍ രമ്യ രാധാകൃഷ്ണന്റെ
മുഖത്ത് നേരത്തെ കണ്ട ചിരിയില്ല. പകരം സഹതാപവും ദേഷ്യവും നിറഞ്ഞ നോട്ടം മാത്രം . തീഷ്ണമായ ആ നോട്ടം എന്റെ ഉള്ളു പൊള്ളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്‍റെ  എല്ലാ  മാട്രിമോണി ഐഡികളും ഡിലീറ്റ് ചെയ്തു.

Advertisements

About ലികേഷ്‌ കുമാര്‍

ചില ബ്ലോഗില് മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം എഴുത്തുണ്ട്. അത് വായിച്ചാലെന്‍റെ സാറേ... പിന്നെ കുറെ നേരത്തേക്ക്‌ ആ ഒരു അനുഭൂതിയിലായിരിക്കും. അങ്ങനത്തെ പല പല ബ്ലോഗുകളും വായിച്ച്, അസൂയ മൂത്ത്, അതുപോലെ എഴുതണം എന്നോര്‍ത്ത്, എന്നാലാവും വിധം, എനിക്ക് തോന്നുന്നതോരോന്നു കുത്തിക്കുറിക്കുന്നതാണ്. നന്നായിക്കൊള്ളണമെന്നില്ല...ഒത്താല്‍ ഒത്തു. മ്മളെ കൊണ്ടാവും പോലെ. ഇങ്ങള് വല്ല കമന്റും ഇട്ടാല്, ഞമ്മള് ഹാപ്പി. "മ്മക്കത്രേം മതിന്നെ", ഏത്‌...?

9 responses »

 1. Roopesh says:

  Hai likesh
  superb.
  ellavaru oru advise ayi sweekarikate …..

 2. Chai... says:

  Li….its so nice.. touching…

 3. Shyju says:

  Really Touching…

 4. Shona says:

  😊 So nice
  Keep on writing

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s