മരണം

blackdeath_graveyard
മരണം
കറുത്ത
കരിമ്പടമാണ്
തണുത്ത്‌
മരവിച്ചിരിക്കുമ്പോള്‍
പുതയ്ക്കേണ്ട ഒന്ന്

 

Advertisements

വഴിവിളക്കുകള്‍

SadMan

രാത്രി ഭക്ഷണം കഴിച്ച് കിടക്കാനൊരുങ്ങുമ്പോഴാണ്  മൊബൈലില്‍  പരിചയമില്ലാത്ത  നമ്പറില്‍ നിന്നും ഒരു കോള്‍ വന്നത്.

ഹലോ… മറുതലയ്ക്കല്‍ സാബുവിന്‍റെ ശബ്ദം.

ഇവനിതെന്തു പറ്റി ? അതും അബുദാബി നമ്പറില്‍ നിന്നും.

ഇത് ഞാനാടാ സാബു.  ഞാനിവിടെ എത്തി. എയര്‍ പോര്‍ട്ടിന് വെളിയിലുണ്ട്. ഒരു ഫ്രണ്ടിന്‍റെ നമ്പറില്‍ നിന്നാ. ഫ്ലൈറ്റില്‍ നിന്ന് പരിചയപ്പെട്ടതാ…നീ പെട്ടെന്ന് വാ.

ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞു തീര്‍ത്തു.

ഓക്കേ. ഞാനിതാ ഇറങ്ങി. ഒരു 45 മിനുട്ട്. എത്തിയിട്ട് വിളിക്കാം. വേഗം വേഷം മാറി നേരെ വച്ച് പിടിച്ചു .

അല്ല, ഇവനിതെന്തു പറ്റി ? കഴിഞ്ഞയാഴ്ച വിളിച്ചിട്ട് അടുത്ത മാസം ആദ്യത്തിലേ വരവുണ്ടാകൂ എന്നാണ് പറഞ്ഞിരുന്നത്. ഹോ. ഉറങ്ങിപ്പോവാഞ്ഞത് നന്നായി.

*********************************************************************************

നീയിതെന്താടാ ഇത്ര പെട്ടെന്ന് ? അതും മുന്‍കൂട്ടി അറിയിക്കാതെ ?

ഹ ! ഒരു സര്‍പ്രൈസ് ആയിക്കോട്ടെന്നു കരുതി.

ഹും. നല്ല സര്‍പ്രൈസ് ! ഞാന്‍ നിന്‍റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് നിന്‍റെ ഭാഗ്യം. അല്ലെങ്കില്‍ ഈ സര്‍പ്രൈസ് നീ തന്നെത്താന്‍ അനുഭവിക്കേണ്ടി വന്നേനെ.

അല്ലാ, എവിടെ നിന്‍റെ  ഭണ്ടാരക്കെട്ട് ? ലഗേജും  കോപ്പും ?

അതൊക്കെ കമ്പനി വണ്ടിക്ക് കയറ്റി വിട്ടളിയാ… I am an Engineer now. I got an offer from Al Reyami Interiors, You know?

ഹും. കണ്‍ഗ്രാറ്റ്‌സ്. സത്യാണോ അളിയാ ? അതോ ഇനി സര്‍പ്രൈസ് ആയി ലഗേജില്ലാതെയാണോ വരവ് ?

പോടെയ്‌…

ശരി വിടാം. വണ്ടി അധികം പാര്‍ക്കിങ്ങിലിടാന്‍ പറ്റില്ല. ഫൈന്‍ അടക്കേണ്ടി വരും.

റൂമിലെത്തിയപ്പോ സമയം 11:45 കഴിഞ്ഞു.

നല്ല വിശാലമായ റൂമാണല്ലോ അളിയാ. ഇവിടെ ഒരു സ്കോച്ചിനുള്ള സ്കോപ്പുണ്ടോ ?

കോപ്പ് ഉണ്ട്.

ഹ ! അതൊന്നും പറഞ്ഞാലൊക്കില്ല. എനിക്കൊന്ന് കൂടണം നീയുമായി . ഒരുപാടായില്ലേ ?

എന്‍റെ കമ്പനി വണ്ടി വിട്ടിട്ട് നിന്നെ ഉറക്കത്തില്‍ നിന്നെണീപ്പിച്ചത് തന്നെ ഇങ്ങനെ ഒരു സര്‍പ്രൈസിനാണ്. ഇന്നെങ്ങിനെയെങ്കിലും ഒപ്പിച്ചേ പറ്റൂ.

ശരി. നീയൊന്നടങ്ങടോ. മ്മളൊന്നു ശശീനെ വിളിക്കട്ടെ ! മ്മടെ സെക്യൂരിറ്റി ശശീനെ.

ഏതു സമയത്തും മദ്യത്തിനു സെക്യൂരിറ്റി ശശി തന്നെ ശരണം. വിളിച്ചു പറഞ്ഞാല്‍ ഉടന്‍ തന്നെ റെഡി. പത്ത് മിനിറ്റ് കൊണ്ട് സാധനം റൂമിലെത്തി .

നീ കഴിക്കാത്തതെന്താ ?

ഞാന്‍ അടിയൊക്കെ നിര്‍ത്തിയളിയാ.

ഒരു സിപ്പെങ്കിലും നീ കഴിച്ചില്ലെങ്കില്‍ പിന്നെങ്ങനെയാ ?

അല്ലേല്‍ വേണ്ട. നിര്‍ബന്ധിക്കുന്നില്ല. തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പാടാണ്. നിര്‍ത്തിയവനെ വീണ്ടും നിര്‍ബന്ധിച്ചു കുടിപ്പിച്ചെന്നു വേണ്ട. നീ ടച്ചിങ്ങ്സ് പിടി.

അളിയാ.. നീ ശുദ്ധനാടാ…

കരളില്‍ കഴമ്പില്ലാത്ത ശുദ്ധന്‍…

അതെന്ത് കഴമ്പാടോ.. കരളില്‍ ?

ഹ ! അങ്ങനൊരു കഴമ്പുണ്ട് ! നീ അല്ലേലും ഇങ്ങനെയാണ്. ആള്‍ക്കാരെ അപ്പാടെ അങ്ങ് വിശ്വസിക്കും. കള്ളത്തരങ്ങള്‍ മനസ്സിലാക്കാതെ.

അല്ല, ഒരു കണക്കിന് അതാണ്‌ നല്ലത്. നമുക്കെവിടെ കള്ളത്തരം മനസ്സിലാക്കാന്‍ സമയം.

ഒറ്റയിരിപ്പിന് അവന്‍ കുപ്പി മുക്കാലും തീര്‍ത്തു.

 

സാബൂ… നീ ഓവറായോ?

ഹേയ്.. ഇതൊക്കെ എന്ത് ?  നീയെന്നെ എന്‍റെ പുതിയ കമ്പനി റൂമിലേക്ക്‌ കൊണ്ട് വിടണം.

എപ്പോ ?

ഇപ്പൊ

എപ്പോ ?

ഇപ്പൊ.. ഈ നിമിഷം.

ഡാ…നാളെ നേരം വെളുത്തിട്ട്…

പറ്റില്ല ! ഇപ്പൊ ഈ നിമിഷം പോകണം.

ഈ കോലത്തിലോ ?

ഹും. അഡ്രസ്‌ എന്‍റെ പോക്കെറ്റിലുണ്ട്.

ഹ. വേണ്ടെടാ…

എന്നാല്‍ വേണ്ട. നീ കൊണ്ട് വിടണ്ട. എനിക്കറിയാം എങ്ങനെ പോകണമെന്ന്.

അതല്ലടാ…നീയിങ്ങനെ ഈ കോലത്തില്… പുതിയ കമ്പനി റൂമിലേക്ക്‌ ചെന്ന് കേറിയാല്‍.. അത് നിന്‍റെ ഇമേജിനെ ബാധിക്കില്ലേ ?

അതൊന്നുമില്ല. നീയിന്നെന്നെ എത്ര പിടിച്ചു വച്ചാലും എനിക്കിന്ന് പോയെ മതിയാവൂ… അവന്‍റെ ശബ്ദം അല്പം പരുക്കനായി.

ഇനിയവനെ പിടിച്ചു വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നെനിക്ക് തോന്നി .

ശരി. വാ ഇറങ്ങ്.

രാത്രി ഏറെ വൈകിയിട്ടും റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ. കൂടാതെ അങ്ങിങ്ങ് പൊടിയുന്ന ചാറ്റല്‍ മഴയും.

How-to-Drive-Safely-in-Rain

നീ അല്പം മയങ്ങിക്കോ. അങ്ങെത്തുമ്പോ ഒരു  നേരമാവുമെന്ന തോന്നണെ.

മഴയുടെ ശക്തിയൊന്നു കൂടിയതും വഴിവിളക്കുകള്‍ ഒന്നു മിന്നിമറഞ്ഞു.

എഹ്. ഇതിവിടെ പതിവില്ലാത്തതാഡാ സാബൂ …

സാബൂ…

സാബുവിന്‍റെ മൂളലിനു പകരം മുന്‍സീറ്റില്‍ നിന്നും ഫോണ്‍ ബെല്ലടിഞ്ഞു.

“സാബു കോളിംഗ് “…

ഒരു നിമിഷം.. കാറിനകത്തെ എസിയ്ക്കകത്തും വിയര്‍ക്കുന്നത് ഞാനറിഞ്ഞു.

അപ്പോ ഇത്രയും നേരം ഞാന്‍ സംസാരിച്ചത് ആരോടായിരുന്നു ?

 

ഹലോ.

വിറച്ച് വിറച്ച് ഫോണ്‍ ചെവിയോടു ചേര്‍ത്തു.

ഞാന്‍ രാമനാട്ടുകര എസ് ഐ ഷാജിയാണ്. നിങ്ങള്‍ സാബുവിന്‍റെ ആരായിട്ട് വരും ?

ഞാന്‍… സാബു…അവന്‍…

 

HE JUST HAD AN ACCIDENT. ഒരു പത്ത് മിനിറ്റ് മുന്‍പ്. ഇതാണ് ലാസ്റ്റ് ഡയല്‍ഡ് നമ്പര്‍. അതാ വിളിച്ചത്.

സാര്‍… എന്‍റെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി. ശരീരത്തിലൂടെ ഒരു കൊള്ളിയാന്‍ കയറിയിറങ്ങിയതുപോലെ.

ഫോണ്‍ എന്‍റെ കയ്യില്‍ നിന്നൂര്‍ന്നിറങ്ങിപ്പോയി.

അപ്പോഴും സാബു പറഞ്ഞ വാചകം എന്‍റെ ചെവിക്കുള്ളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

“നീയിന്നെന്നെ എത്ര പിടിച്ചു വച്ചാലും എനിക്കിന്ന് പോയെ മതിയാവൂ”…

 

 

കിസ്സ്‌ മീ !

അങ്കവും കാണാം താളിയും ഓടിക്കാം എന്ന ഉദ്ദേശത്തിലാണ് ദോഹയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍  എത്തിയത്. നാട്ടില്‍ പോകുന്ന കൂട്ടുകാരനെ പര്‍ച്ചേസില്‍ സഹായിക്കുകയും ചെയ്യാം വായ്നോട്ടവും ആവാം. മലയാളി പെണ്‍കുട്ടികളെ വായ്നോക്കുന്നതിന്‍റെ ഒരു സുഖം ഒന്ന് വേറെ തന്നെ. അത് തന്നെയാണ് ലുലുവിന്‍റെ പ്രത്യേകതയും.

ഡിജിറ്റല്‍ ക്യാമറയുടെ സെക്ഷനില്‍ കുറ്റിയടിച്ച് നിന്ന്, എന്‍റെ ക്യാമറകണ്ണുകള്‍ അടുത്തുള്ള കോസ്മെറ്റിക് സെക്‌ഷനില്‍ പര്‍ച്ചേസ് ചെയ്യുന്ന മലയാളി പെണ്‍കുട്ടിയെ ഫോക്കസ് ചെയ്യുമ്പോഴാണ് തൊട്ടടുത്ത്‌ നിന്നും ശ്രവണ സുന്ദരമായ ആ ചോദ്യം എന്‍റെ  കര്‍ണ്ണപുടങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടു കടന്നു പോയത്‌.

“കിസ്സ്‌ മീ”.

ഞെട്ടിത്തരിച്ച് നിന്ന് ഇതാരാണ് ഇത്രേം പരസ്യമായി എന്നോട് കിസ്സ്‌ ആവശ്യപ്പെടുന്നത് എന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പിനി സുന്ദരി എന്‍റെ തൊട്ടടുത്ത് നിന്ന് ക്യാമറ നോക്കിക്കൊണ്ടിരിക്കുന്നു.

എന്‍റെ സൌന്ദര്യത്തില്‍ മയങ്ങി ഒരു ചുംബനം ചോദിച്ചതായിരിക്കുമോ ? അല്ലെങ്കിലും ചുള്ളന്‍ ചെക്കന്മാരെ കാണുമ്പോള്‍ ഇവള്‍ക്കൊക്കെ അങ്ങനെ തോന്നിയതിലെന്താ തെറ്റ് ?

എന്തോ…ഇഷ്ടമാണ്…ആളുകള്‍ക്ക്‌ എന്നെ… 🙂

ഛെ.. എന്നാലും പബ്ലിക്‌ ആയി കിസ്സ്‌ ചെയ്യുക എന്നൊക്കെ പറയുമ്പോ ?…

വശ്യമായ പുഞ്ചിരിയോടെ കാമാതുരമായ് ഞാന്‍ അവളെ നോക്കി. പക്ഷെ അവളെന്നെ അതിരൂക്ഷമായി നോക്കുന്നു.

എന്താ ഇതിപ്പോ ഇങ്ങനെ ? ഇനി കിസ്സ്‌ ചോദിച്ചത ഇവളല്ലാന്നുണ്ടോ ?. പക്ഷെ അവളോറ്റയ്ക്ക് തന്നെയാണ് എന്‍റെ അരികില്‍ നില്‍ക്കുന്നത്‌.

എന്നാലും ഇതെന്താ ഇങ്ങനെ ?. ഒന്നൂടെ ചോദിക്കുമായിരിക്കും എന്ന് കരുതി ഞാന്‍ കാത്തിരുന്നു.

എന്താടാ അന്തം വിട്ട കുന്തം പോലെ നില്‍ക്കുന്നത്‌ ? അടുത്ത് നില്‍ക്കുന്ന കൂട്ടുകാരന്‍റെ ചോദ്യം

അളിയാ, നീ കേട്ടോ അവള്‍ പറഞ്ഞത്‌ ?

പിന്നല്ലാതെ,

“എക്സ്ക്യുസ് മീ ”…… എന്ന് പറഞ്ഞാല്‍ അവിടുന്ന് മാറി നിന്നൂടെ നിനക്ക് ?

 “എക്സ്ക്യുസ് മീ – യോ ? അപ്പൊ കിസ്സ്‌ മീ അല്ലേ !!!

 വീണ്ടും അവളുടെ ശബ്ദം, ഇപ്രാവശ്യം അല്പം പരുഷമായിട്ടാണ്. “എക്സ്ക്യുസ് മീ ”, വില്‍ യു പ്ലീസ് മൂവ് എ ബിറ്റ്‌ ?

 

 

അറ്റ്ലീസ്റ്റ് ഇന്നെങ്കിലും…

പണ്ടൊക്കെ ഈ കണക്കൊക്കെ കൂട്ടാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് കണക്കിനോട് പ്രത്യേക താല്പര്യവും ഉണ്ടായിരുന്നു. പിന്നെ ഈ X  ഉം  Y ഉം അക്കങ്ങളുടെ കൂടെച്ചെര്‍ന്നു ഒരുമാതിരി വൃത്തികെട്ട കളി കളിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് അത് വെറുത്തു തുടങ്ങിയത്. ന്യുമെറിക്കല്‍ അനാലിസിസിന്‍റെ ഗൈഡ് തുറന്നു വച്ചപ്പോള്‍ തന്നെ ഉറക്കം വന്നു. നാളെ ഡിഗ്രീ ഫൈനല്‍ ഇയര്‍ എക്സാമാണ്. ഈശ്വരാ, ഇപ്രാവശ്യവും ഈ പേപ്പര്‍ സപ്പ്ളി ആയത് തന്നെ.

മൊബൈല്‍ ബെല്ലടിഞ്ഞു. ഫോണെടുത്തു കാതോട്ചേര്‍ത്തു.

“ഹലോ, സരസ്വതി ടീച്ചറല്ലേ, ഞാന്‍ നാളെ ഡാന്‍സ് ക്ലാസ്സിനു വരില്ല. കുഞ്ഞമ്മയുടെ മകളുടെ ചോറൂണാണ്, ഗുരുവായൂര്‍ വച്ച്. ഞങ്ങളെല്ലാവരും പോകുകയാണ്. അതുകൊണ്ടാണ് വരാന്‍ പറ്റാത്തെ.  ഒരു കിളിനാദം കോട്ടയം സൂപ്പര്‍ഫാസ്റ്റ് പോകുന്നതുപോലെ അടിച്ചങ്ങു പോകുകയാണ്. ഞാന്‍ ഫോണെടുത്ത് ഒന്നുകൂടെ നോക്കി.

അതെ പരിചയമില്ലാത്ത നമ്പര്‍ ആണ്.

അതേയ് സുഹൃത്തേ, നിങ്ങള്‍ക്ക് നമ്പര്‍ മാറിപ്പോയി എന്നാണ് തോന്നുന്നത്. നമ്പര്‍ ചെക്കു ചെയ്തിട്ട് വിളിക്കൂ.

വളരെ മാന്യമായി , അതീവ വിനയത്തോടെ ഞാന്‍ പറഞ്ഞു. ഫോണ്‍ ഉടനെ ഡിസ്കണക്ട് ആയി. ഛെ. എനിക്കിതെന്താണ് സംഭവിച്ചത്‌ ? കുറച്ചു നേരം അവളോട്‌ സംസാരിക്കാമായിരുന്നു. ഇതിപ്പോ പേര് പോലും ചോദിക്കാതെ.

എന്നാലും അതാരായിരിക്കും?.

ആ ശബ്ദത്തിനു വല്ലാത്തൊരു പ്രത്യേകതയുണ്ട്. ശബ്ദം കേട്ടിട്ട് നല്ല സുന്ദരിയായിരിക്കണം. അവള്‍ക്കൊരു സോറിയെങ്കിലും പറയാമായിരുന്നു എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണില്‍ അവളുടെ മെസ്സേജ് വന്നു.

“സോറി..ട്ടോ. ടീച്ചറുടെ നമ്പര്‍ അടിച്ചപ്പോ തെറ്റിപ്പോയതാ”. “വെരി വെരി സോറി”.

അതൊന്നും സാരമില്ല. ഇനിയെങ്കിലും നമ്പര്‍ ഒക്കെ നോക്കി വിളിക്കാന്‍ ശ്രദ്ധിക്കൂ. പിന്നേ, ടീച്ചറെ വിളിച്ചു ലീവ് പറയാന്‍ മറക്കണ്ട എന്ന് മറുപടിയായി മെസ്സേജ് അയച്ചു.

എന്നാലും അതാരായിരിക്കും ? എവിടെയായിരിക്കും വീട് ? ചിന്തകളിപ്പോ അവള്‍ക്കു പിന്നാലെയാണ്. ഒന്ന് വിളിച്ചാലോ? റിസീവ്‌ഡ് കാള്‍ ഹിസ്റ്ററിയില്‍ നിന്നും അവളുടെ നമ്പര്‍ എടുത്തു.

വിളിക്കണോ വേണ്ടയോ ? ആകെ  ഒരു കണ്ഫ്യുഷന്‍. എന്തെങ്കിലും ആവട്ടെ, വിളിക്കാം. വിരല്‍ പച്ച ബട്ടണില്‍ അമര്‍ന്നു. അല്ലേല്‍ വേണ്ട. എന്തിനാ വെറുതെ ? ഫോണ്‍ കട്ട്‌ ചെയ്തു. ഏതോ ഒരു കുട്ടി നമ്പര്‍ മാറി വിളിച്ചതിന് എനിക്കെന്തിനാ ഇരിക്കപ്പൊറുതി ഇല്ലാതാവുന്നത് ?

ഇന്നിനി പഠനം ഒന്നും നടക്കില്ല. അല്ലെങ്കിലും പഠനം എന്നാണ് നടന്നിട്ടുള്ളത് ? പുസ്തകം മടക്കി വച്ച് ഉറക്കത്തിലേക്ക് ഊളിയിടുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു –

“മെസ്സേജ്”.

“താങ്ക്സ്”. വീണ്ടും അവളുടെ മെസ്സേജ്.

ഇത് കൊള്ളാലോ ?

അവളുടെ പേര് സരസ്വതി ടീച്ചര്‍ എന്ന് സേവ് ചെയ്തു മെസ്സേജിനു റിപ്ലൈ അയച്ചു.

“നോ മെന്‍ഷന്‍ ഡിയര്‍, യു ആര്‍ ഓള്‍വൈസ്‌ വെല്‍ക്കം”. ഗുഡ് നൈറ്റ്‌.

റിപ്ലൈ മെസ്സജിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ. പക്ഷെ അവളുടെ മെസ്സേജ് വന്നില്ല. ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞാലിപ്പോ എന്താ ? കയ്യിലെ വള ഊരിപ്പോകുമോ ? ഛെ. ഉള്ള മൂഡ്‌ മൊത്തം പോയി. ഇവളാര് കൊച്ചി രാജാവിന്റെ കൊച്ചു മോളോ? പോട്ടെ പുല്ല്.

ഇന്നലെ രാത്രിയില്‍ നല്ല രീതിയില്‍ പഠിച്ചത് കൊണ്ട് എക്സാം വളരെ ഈസി ആയിരുന്നു! കയ്യിലിരുന്നതും പാസ്‌ ചെയ്തു പോയതുമായ മുഴുവന്‍ തുണ്ട് പേപ്പറും എഴുതിക്കഴിഞ്ഞിരിക്കുന്നു. പാസ്സാവും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാലും ഒരു തുണ്ട് പേപ്പര്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ മാര്‍ക്കിന്‍റെ ലെവല്‍ ഒന്ന് കൂട്ടാമായിരുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിപ്പാണ്.

“കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ തുണ്ടുകള്‍ കൈമാറും നിമിഷങ്ങളില്‍” എന്ന പാട്ടിന്‍റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ പ്ലേ ചെയ്യാന്‍ ഇന്‍വിജിലേറ്ററോട് പറയാന്‍ തോന്നി.

ഇനിയും അരമണിക്കൂര്‍ കൂടെ ഉണ്ട്. ഒഴിവുസമയങ്ങള്‍ എങ്ങനെ ആനന്ദകരമാക്കാം എന്ന പുസ്തകം ബസ്‌ സ്റ്റാന്‍ഡില്‍ വച്ച് വില്‍ക്കുന്നത്‌ വാങ്ങി വായിച്ചിരുന്നെങ്കില്‍ ഫലപ്രദമായേനെ എന്ന് മനസ്സിലോര്‍ത്തു. കോളേജ് കാന്റീനിലെ ശശിയേട്ടന്‍ ചായും വടയും കൊണ്ട് വന്നു  ഇന്‍വിജിലേറ്റര്‍ക്ക് കൊടുത്തു. എന്നിട്ട് ഞങ്ങളെയെല്ലാവരെയും നോക്കി നിനക്കൊക്കെ അങ്ങനെ തന്നെ വേണമെടാ എന്ന മട്ടില്‍ ഒരു ചിരി അങ്ങ് പാസ്സാക്കി.  അല്ലെങ്കിലും ഈ ശശിക്ക് ഇതെപ്പഴും ഉള്ളതാ. മനുഷ്യന്‍ ഇവിടെ ചങ്കിടിച്ചു നില്‍ക്കുമ്പോഴാ അവന്റെയൊരു ഒലത്തിയ ചിരി. നിന്നെ കാണിച്ചു തരാമെടാ ശശി. ഇന്ന് നാല് വട അധികം കഴിച്ചിട്ട് കടം പറയണം എന്ന് മനസ്സിലോര്‍ത്തു. അല്ലെങ്കില്‍ വേണ്ട, എല്ലാ ദിവസത്തേതും  കടമാണല്ലോ.

ഉത്തരക്കടലാസില്‍ ഒന്ന് രണ്ട് മൂന്ന്‍ എന്നെഴുതി സ്പേയ്സും കൊടുത്തു ഏതെങ്കിലുമൊരുത്തന്‍റെ പേപ്പറിനോ ഒരു കൊച്ചു തുണ്ട് കടലാസിനോ വേണ്ടി ദാഹിച്ചിരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ പെട്ടെന്നൊരു തുണ്ട്പേപ്പര്‍ പറന്നിറങ്ങി. അബുദാബിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ ഇറങ്ങാതെ തിരുവന്തപുരത്ത് ഇറങ്ങിയപോലെ. ഇതെനിക്കുള്ളത് തന്നെയോ ? തനിക്കുള്ളത് എന്തായാലും എത്ര വൈകിയാണെങ്കിലും തന്നെത്തേടി വരും എന്ന് രാജന്‍ മാഷ്‌ പറയാറുള്ളത് എത്ര സത്യം.

പിള്ളാര്‌ ഇച്ഛിച്ചതും ദൈവം കല്‍പ്പിച്ചതും “തുണ്ട്” എന്നാണല്ലോ പുതുമൊഴി. വളരെ സന്തോഷത്തോടെ എക്സാം ഷീറ്റുകൊണ്ട് മറച്ചു പിടിച്ചു തുണ്ട് തുറന്നു നോക്കി.

“ഹൃദയം തകര്‍ന്നിരിക്കുന്നവര്‍ക്ക് പേപ്പറും നൂലും. ഇത് കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ കാന്റീനിലെ ശശിയുടെ പരിപ്പുവടയും ചായയും. ഇതാണോ സോഷ്യലിസം?” – പരീക്ഷ ഹാളില്‍ നിന്നും മാസ്റ്റര്‍  ശശി. വായിച്ചശേഷം അടുത്തയാള്‍ക്ക് പാസ്‌ ചെയ്യുക എന്ന് എഴുതിയിട്ടുണ്ട്.

ക്ലാസ്സിലുള്ള ഏതോ ശശി പ്രോമോട്ടറുടെ പണിയാണ്. കോപ്പി റൈറ്റ് പ്രകാരം ഇതൊക്കെ ടിന്റുമോന് അവകാശപ്പെട്ടതാണ്. പക്ഷെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ടിന്റുമാരെ കണക്കിലെടുത്തിട്ടാണെന്നു തോന്നുന്നു, ഇപ്പൊ ഈ വക മെസ്സേജുകളെല്ലാം ശശിയുടെ പേരില്‍ ഇറങ്ങുന്നത്. ഈ ശശിയുടെ ഒരു കാര്യം. വന്നു വന്നു ഇപ്പൊ പിള്ളേര്‍ക്ക്‌ അച്ഛന്‍റെ  പേര് ചോദിച്ചാല്‍ പറയാന്‍ മടി. അതിസുന്ദരനായിരുന്നിട്ടുകൂടി സ്വന്തം പേരുകാരണം വടക്കേതിലെ ശശിക്ക് കല്യാണം ശരിയാവുന്നില്ലെന്നു ബാര്‍ബര്‍ കുമാരേട്ടന്‍ ഇന്നലെ പറയുന്നത് കേട്ടു.

എന്തായാലും ശശി പറഞ്ഞതല്ലേ, പേപ്പര്‍ പാസ്‌ ചെയ്തേക്കാം. ആ തുണ്ട് പേപ്പര്‍ പാസ്‌ ചെയ്യുമ്പോഴാണ് പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ വൈബ്രെറ്റ്‌ ചെയ്തത്.

മെസ്സേജ് ഫ്രം സരസ്വതി ടീച്ചര്‍ : “ഗുഡ് മോര്‍ണിംഗ്, ഹാവ് എ  നൈസ് ഡേ”

അതെടീ, നട്ടുച്ചയ്ക്ക് എക്സാം ഹാളില്‍ ഈച്ചയെയും അട്ടി ഇരിക്കുന്ന എനിക്ക് ശുഭദിനം നേര്‍ന്ന സമയം കൊള്ളാം.

താങ്ക്യു. സെയിം ടു യു. ഇന്നലത്തെ എന്റെ ഗുഡ് നൈറ്റിന് മറുപടിയൊന്നും കണ്ടില്ലല്ലോ ?

ഇന്നലെ ബാലന്‍സ് തീര്‍ന്നു പോയി. അതാ റിപ്ലൈ അയക്കാന്‍ പറ്റാഞ്ഞെ. ഇപ്പൊ  രാവിലെ റീചാര്‍ജ് ചെയ്തതെ ഉള്ളൂ. ഇപ്പൊ എന്ത് ചെയ്യുവാ?

പരീക്ഷ എഴുതുകയാ.

ഇപ്പൊ പരീക്ഷ എഴുതുകയാണോ?

അതെ.

കൊള്ളാലോ ? പരീക്ഷയ്ക്കിരുന്നിട്ടു ഇതാണോ പണി?

എഴുതാന്‍ വല്ലതും അറിയണ്ടേ ? പണ്ടൊക്കെ കോളേജില് യൂനിവേര്‍സിറ്റി  എക്സാം മാത്രമേ ഉണ്ടാകാറുള്ളൂ. ഇതിപ്പോ ഇല്ലം അങ്ങട് ക്ഷയിച്ചു. കോളേജു വരെ ഓണപ്പരീക്ഷ നടത്തിത്തുടങ്ങി. ഇനി പ്രോഗ്രസ്സ് കാര്‍ഡ്‌ വീട്ടില്‍ കാണിച്ചു സൈന്‍ വാങ്ങണോ എന്ന് മാത്രമേ അറിയാനുള്ളൂ.

അപ്പൊ ചേട്ടന്‍ പഠിക്കുകയാണ്, അല്ലെ? ഞാന്‍ വിചാരിച്ചു വല്യ ഏതോ ഉദ്യോഗസ്ഥനാണെന്ന്‍.

ഇപ്പോഴത്തെ ഒരു അവസ്ഥ വച്ചിട്ട് പഠിക്കുകയാണെന്നൊന്നും പറയാന്‍ പറ്റില്ല . പക്ഷെ സ്ഥിരമായിട്ട് കോളേജില്‍ പോകുന്നുണ്ട്.

വലിയ തമാശക്കാരനാണെന്നു തോന്നുന്നു?.

അങ്ങനെ തോന്നിയെങ്കില്‍ ചിലപ്പോ ശരിയായിരിക്കും.

വല്യകാര്യമായിപ്പോയി J

നീയൊന്നുപോയെ. പേപ്പര്‍ തിരിച്ചു കൊടുക്കാന്‍ സമയമായി. പ്യൂണ്‍ നൂല്‍ ഇട്ടിട്ടു പോയിട്ട് നേരം കുറച്ചായി. ബെല്ലും അടിച്ചു. ക്യാച്ച് യു ലേറ്റര്‍.

ചിരപരിചിതരെപോലെയായിരുന്നു മെസ്സേജിംഗ്. എന്താ അവളുടെ പേരെന്ന് ചോദിക്കാന്‍ വരെ മറന്നു. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു ? അല്ലേ ?

സരസ്വതി ടീച്ചര്‍… അത് തന്നെ ധാരാളമല്ലേ ?

സന്തോഷ്‌ ബേക്കറിയില്‍ നിന്ന് പപ്സും ജ്യുസും കുടിച്ചിറങ്ങുമ്പോള്‍ വീണ്ടും അവളുടെ മെസ്സേജ്.

കഴിഞ്ഞോ ?

മം. കഴിഞ്ഞു…

ഞാന്‍ ഇപ്പൊ ഫോണ്‍ വിളിക്കട്ടെ ?

വേണ്ട. നമുക്ക് ചാറ്റ് ചെയ്‌താല്‍ മതി.

ഓരോ വരിയിലും ഒരായിരം ചിന്തകളുണര്‍ന്നു. സൌഹൃദത്തിന്റെ പുതിയോരധ്യായത്തിന് അവിടെ തുടക്കം കുറിച്ചു. മെസ്സേജുകള്‍ കോളുകള്‍ക്ക്‌ വഴി മാറി. കുട്ടിത്തം നിറഞ്ഞ അവളുടെ സംസാരം കേള്‍ക്കാന്‍ ഭയങ്കര രസമാണ്.  ഇത്രയധികം സുഹൃത്തുക്കളുണ്ടെങ്കിലും അവളോട് മാത്രം ഒരു സ്പെഷ്യല്‍ അറ്റാച്ച്മെന്റ് തോന്നുന്നതെന്തേ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കോളേജ് ഗേറ്റ് കയറുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്.

ഡാ പൊട്ടാ… ഒരു കാര്യം കേക്കണോ ?

പൊട്ടന്‍ നിന്‍റെ %^*#@*&. എന്താ കാര്യം ?

ഈ വരുന്ന ഞായറാഴ്ച ഞാന്‍ കോഴിക്കോട്‌ വരുന്നുണ്ട്. ഒന്ന് കാണാന്‍ പറ്റുമോ ?

രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും അനിക്‌സ്പ്രേ എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍. പല തവണ കാണണം എന്ന് പറയാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും നമ്മുടെ സൌഹൃദത്തെ തെറ്റായി വ്യാഖ്യാനിച്ചാലോ എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു.

കോഴിക്കോടെന്താ പരിപാടി ?

എന്‍റെ കൂട്ടുകാരിയുടെ കല്യാണമാണ് സുക്രുതീന്ദ്ര ഓഡിറ്റോറിയത്തില്‍വച്ച്. അന്ന് എന്നെ റിസീവ് ചെയ്യാന്‍ നീ വരുമോ ? എനിക്ക് കോഴിക്കൊടൊന്നും പരിചയമില്ല മാത്രവുമല്ല നിന്നെ കാണണമെന്ന് ഭയങ്കര ആഗ്രഹവും.

അവസാനം പറഞ്ഞതെനിക്ക് ഇക്ഷ ബോധിച്ചു.

അതിനെന്താ ? ഞാന്‍ റെഡി. നീ എത്ര മണിക്കെത്തും, എങ്ങനെ എത്തും  എന്നത്  വിളിച്ചു പറ. ഓക്കേ ?

ഞായറാഴ്ച്ച രാവിലെ തന്നെ അവളുടെ മെസ്സേജ് വന്നു. ഞാന്‍ എറണാകുളം പൂനെ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ്‌ എടുത്തിട്ടുണ്ട്. കോച്ച് എസ്- 4. ഒരു എട്ടേ മുക്കാലാവുമ്പോ കോഴിക്കോട് എത്തും. ചേട്ടന്‍ വരുമല്ലോ അല്ലേ ?

അതെന്തു ചോദ്യം?. ഞാനുണ്ടാകും. ഉണ്ടാകും എന്നല്ല. ഉണ്ട്. ക്ലോക്കില്‍ നോക്കി സമയം 6:45. ഏഴു മണിയുടെ ദുല്‍ദുല്‍ ബസ്‌ പിടിച്ചാല്‍ 8:30 ന് കോഴിക്കോടെത്താം. ഇനി ആകെ പതിനഞ്ചു മിനിറ്റ് കുടെയെ ഉള്ളു. ഒരു വിധത്തില്‍ കുളിച്ചെന്നുവരുത്തി ബ്രേക്ക്‌ഫാസ്റ്റ്‌  കഴിക്കാന്‍ മിനക്കെടാതെ ബസ്സ് സ്റ്റോപ്പിലെക്ക് വച്ചുപിടിച്ചു.

ഇന്‍ഫര്‍മേഷന്‍ കൌണ്ടറിലെ ബോര്‍ഡില്‍ നിന്നും എറണാകുളം പൂനെ എക്സ്പ്രെസ്സ് കൃത്യ സമയം പാലിക്കുന്നു എന്ന് കണ്ടു. നാലാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കാണാനായി. പ്ലാറ്റ്‌ ഫോമിലെ ബുക്ക്ഷോപ്പിനു പുറകില്‍ ഞാന്‍ മറന്നു നിന്നു.  ഓടിക്കിതച്ച് കൂക്കി വിളിച്ച് ട്രെയിന്‍ വന്നു നിന്നു. ആളുകള്‍ ഇറങ്ങാനും കയറുവാനും തിരക്കുകൂട്ടിത്തുടങ്ങി.

ഇപ്പോഴെന്‍റെ ഹൃദയം പടപടാന്നു മിടിക്കുന്നത് എനിക്ക് കേള്‍ക്കാം. വലിയൊരു സൗഹൃദം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഒരു ഭയം എന്നെ പിടികൂടുന്നത് ഞാന്‍ അറിഞ്ഞു. അപ്പോഴാണ്‌ സുന്ദരിയായ ഒരു പെണ്‍കുട്ടി ഏറ്റവും അവസാനമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. തൂവെള്ള നിറമുള്ള ഒരു ഫ്രോക്ക് ആണ് വേഷം.

വൌ… ഇതാണോ എന്‍റെ സരസ്വതി ടീച്ചര്‍… ?

അനുസരണയില്ലാത്ത മുടികള്‍ മാടിയൊതുക്കിക്കൊണ്ട് അവള്‍ ബാഗില്‍ നിന്നും മൊബൈല്‍ എടുത്തു.

അതെ. ചായേ…കാപ്പി…വിളികളാല്‍ മുഖരിതമായ ഈ പ്ലാറ്റ്ഫോമില്‍ വച്ചായിരിക്കണം ഞങ്ങളുടെ ആദ്യ സംഗമം ദൈവം പ്ലാന്‍ ചെയ്തിരിക്കുന്നത്. മസാലദോശയും വടയും വില്‍ക്കുന്ന ആളുകള്‍ അവളെ തട്ടിതടഞ്ഞു പോകുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ച ആളെ കാണാത്തതിലുള്ള പരിഭവമോ പരിഭ്രമമോ അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം.

എന്‍റെ മൊബൈല്‍ റിംഗ് ചെയ്തു. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. നീയവിടെ നിന്നും നേരെ മുന്നോട്ട് നടന്നു വാ. എനിക്കിവിടെ നിന്നും നിന്നെ കാണാം. ഇങ്ങോട്ട് വാ.

ഞാന്‍ ഒരു ഹായ് കാണിച്ചു. പതിയെ അവളെന്‍റെ അടുത്തേക്ക് വന്നു. ആദ്യമായി തമ്മില്‍ കാണുന്നതിന്‍റെ വെപ്രാളം ഞങ്ങള്‍ രണ്ടു പേര്‍ക്കുമുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നും മുക്തയായി ആദ്യം സംസാരിച്ചതും അവളാണ്.

ചേട്ടന്‍ ഇപ്പൊ വന്നതെയുള്ളോ ? ഞാന്‍ ഇറങ്ങുമ്പോ തന്നെ ചേട്ടനെ കാണുമെന്നാ കരുതിയെ. മൊബൈലില്‍ ഒരു കാള്‍ ചെയ്യാനുള്ള ബാലന്‍സേ ഉണ്ടായിരുന്നുള്ളൂ. അതാ മെസ്സേജ് ഒന്നും അയക്കാതിരുന്നത്.

വളരെ അടുപ്പമുള്ളതുപോലെ എന്നോട് കൂടുതല്‍ ചേര്‍ന്ന് നിന്ന് അവളോരേ വായില്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ്. ഞാന്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

പക്ഷെ പൊടുന്നനെ അസഹനീയമായ എന്തോ ഒന്ന് എന്നെ പൊതിയുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. എന്നാലും ഇത്…

ഇത്രേം സൌന്ദര്യബോധമുള്ള ഇവള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നോ ?

എന്തൊരു വായ്നാറ്റമാണ് ഇത്. അറ്റ്ലീസ്റ്റ് ഇന്നെങ്കിലും അവള്‍ക്കു പല്ല് തേച്ചു കൂടായിരുന്നോ ? ഛെ…

ഇത്രയും സന്തോഷവതിയായി സംസാരിക്കുന്ന അവളോട് ഞാന്‍ ഇതെങ്ങനെ പറയും ? എന്‍റെ മാനസികാവസ്ഥ ഞാന്‍ എങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കും ? പറഞ്ഞാല്‍ അവലെന്താ കരുതുക ? പറയാതിരുന്നാല്‍ എങ്ങനാ ? എന്നിങ്ങനെ ചിന്തകളുടെ ഒരു ഘോഷയാത്ര എന്‍റെ മനസ്സിലൂടെ കടന്നുപോയി.

ഏയ്‌, ചേട്ടനെന്താ ആലോചിക്കുന്നത് ? എന്നെ ഇഷ്ടായില്ലാന്നുണ്ടോ ?

നിഷ്കളങ്കമായ ചോദ്യം വീണ്ടും. സുന്ദരമായ ആ മുഖം വാടുന്നത് ഞാന്‍ കണ്ടു.

എന്താ ഒന്നും മിണ്ടാത്തത് ? പറയുന്നേ…

എന്തായാലും ഇനിയും മറച്ചു വയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. എന്തുതന്നെ വന്നാലും പറഞ്ഞേക്കാം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തി.

അതേയ്… പറയുന്നത് കൊണ്ടൊന്നും തോന്നരുത്‌. എന്നോട് വിദ്വേഷവുമരുത്‌.

നിനക്ക് ഭയങ്കര വായ്‌നാ…

ഹോ… ചേട്ടന്‍ വായൊന്നടച്ചേ… ഇതെന്തൊരു വായ്നാറ്റമാ… ? അറ്റ്ലീസ്റ്റ് ഇന്നെങ്കിലും നിങ്ങള്‍ക്ക്‌  ഒന്ന് പല്ല് തേച്ചുകൂടായിരുന്നോ ?  !!!

 

മാട്രിമോണി

ഞാനും സ്വപ്നത്തിലെ ഞാനും കൂടെ അഗാധമായ കൊക്കയിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ബെല്ലടിഞ്ഞത്.

അളിയോ… തമ്പിയളിയോ… ഒരു വിശേഷം ഉണ്ട്.

എന്നതാടോ ഉവ്വേ..ഈ കൊച്ചു വെളുപ്പാന്‍ കാലത്ത്‌ ? അല്ലാ, കുറച്ചു
കാലാമായിട്ടു നിന്‍റെ ഒരു വിവരവുമില്ലായിരുന്നല്ലോ?

ഇപ്പൊ ഇതെവിടുന്നാ?

ഞാന്‍ ഇവിടെ കോഴിക്കോട് തന്നെ ഉണ്ട്. പിന്നെ എന്‍റെ കല്യാണം ശരിയായി കേട്ടോ.

ഒരു അഞ്ചാറു മാസം മുന്‍പാണ് അവനെ അവസാനമായി കണ്ടത്‌. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ മലബാര്‍ എക്സ്പ്രസ്സും വെയിറ്റ് ചെയ്തിരിക്കുമ്പോള്‍ അവന്‍ കുറെ കാര്യങ്ങള്‍ പറഞ്ഞതോര്‍മ്മ വന്നു.

ഒറ്റയ്ക്കുള്ള ജീവിതം മടുത്തളിയാ. എന്നും ഓഫീസ് – റൂം. റൂം – ഓഫീസ്.
വെള്ളിയാഴ്ച ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസ്സിലെ ജനറല്‍
കമ്പാര്‍ട്ട്മെന്റില്‍ ശ്വാസം പോലും കഴിക്കാനാവാതെ വീട്ടിലേയ്ക്കെത്തണമെന്നൊന്നും ഇപ്പൊ തോന്നുന്നില്ല. എന്തിനു വേണ്ടിയാണ് ഈ അലച്ചില്‍ ? എന്നെ സ്നേഹിക്കാനും ശാസിക്കാനും ഒരാള്‍ വേണം. ഈ കള്ളുകുടിയും സിഗരറ്റ് വലിയൊക്കെ നിര്‍ത്താന്‍ ഇനി അവളെക്കൊണ്ടേ പറ്റൂ.

അതെന്താ? അതൊക്കെ വേണ്ടാന്നു നീതന്നെ തീരുമാനിച്ചാല്‍ പോരേ? വെറുതെയെന്തിനാ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നത് ?

നീ ഓരോ കൊനിഷ്ടു പറഞ്ഞെന്റെ മനസ്സ് മാറ്റരുത്‌. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു കല്യാണം കഴിച്ചാല്‍ ഇതൊക്കെ മാറും. ബ്രോക്കര്‍ നാണുവേട്ടനോട് സംസാരിക്കണം. അങ്ങേരുടെ കസ്റ്റഡിയില്‍ കൊള്ളാവുന്ന പെന്‍പിള്ളാരൊക്കെ ഉണ്ടാവും.

പിന്നീട് കൂട്ടുകാരില്‍ നിന്നൊക്കെ അറിഞ്ഞത് കല്യാണാലോചനകള്‍ തകൃതിയായി നടക്കുന്നുണ്ട് എന്നാണ്.

ആവാനാണിപ്പോ വര്‍ധിത സന്തോഷത്തില്‍ കല്യാണം ശരിയായി എന്നും പറഞ്ഞുകൊണ്ട് ഫോണിന്‍റെ അങ്ങേത്തലക്കല്‍ നില്‍ക്കുന്നത്‌.

കണ്‍ഗ്രാജുലേഷന്‍സ് മച്ചാ… ഒരുപാട് ബിസ്കറ്റും ചായയും കഴിച്ചിട്ടാണെങ്കിലും
കല്യാണം റെഡി ആയല്ലോ. അതു മതി. ആ ബ്രോക്കര്‍ നാണുവിന്‍റെ നെറ്റ്‌വര്‍ക്ക് കൊള്ളാല്ലോ ?

ആശാനെ, നാണു ചതിച്ചാശാനെ…

മം? അതെന്തേ?

നാണുവിന്‍റെ നെറ്റ്‌വര്‍ക്ക് കൊണ്ട് കാര്യമായ മെച്ചമൊന്നുമുണ്ടായില്ല. അവസാനം ഇന്‍റിമേറ്റ്‌ മാട്രിമോണിയില്‍ നിന്നൊരു പെണ്‍കുട്ടിയെ കണ്ടു പിടിച്ചു. പേര്
ദീപ, തൃശ്ശൂരാണ് വീട്.

അതേതു മാട്രിമോണി ?
Image
അങ്ങനെ ഒന്നുണ്ട്. ഇരിങ്ങാലക്കുടയാണ് അവരുടെ ഹെഡ്ഓഫീസ്.

രജിസ്ട്രേഷനു കാശ് വല്ലോം വേണോടാ?

ഹേയ്‌… രജിസ്ട്രേഷന്‍ ഫ്രീയാണ്. പക്ഷേ കോണ്‍ടാക്റ്റ് നമ്പര്‍ കിട്ടണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ശരിയെടാ മോനെ. ഞാന്‍ നമ്മുടെ ബാക്കി പിള്ളേരെ കൂടെ വിളിക്കട്ടെ. ഇല്ലേല്‍ മൊത്തം പരാതിയാവും. ഓക്കേ ബൈ..

ബൈ ബൈ.

ഇന്‍റിമേറ്റ്‌ മാട്രിമോണി. അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലല്ലോ? ആകെയുള്ളത്
കേരള മാട്രിമോണിയില്‍ ഒരു പ്രൊഫൈല്‍ ആണ്. കനത്ത ബോറടി തോന്നുമ്പോ മാട്രിമോണി തുറന്നു വച്ച് നല്ല പെണ്‍കുട്ടികളെ നോക്കിയിരിക്കുന്നതൊരു രസമുള്ള ഏര്‍പ്പാടാണ്. എന്നാപിന്നെ ഇരിക്കട്ടെ ഇന്‍റിമേറ്റിലും ഒരു പ്രൊഫൈല്.

ഇന്‍റിമേറ്റ്‌ മാട്രിമോണിയുടെ വെബ്സൈറ്റ് തുറന്നു വച്ചു. സുന്ദരിയായ
പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും രമ്യ രാധാകൃഷ്ണന്റെ ലാളിത്യം എനിക്കങ്ങു ക്ഷ ബോധിച്ചു.

രമ്യ രാധാകൃഷ്ണന്‍, 25 വയസ്സ്, ഉയരം 5’2”. സ്വജാതി, ബിരുദധാരി, കോഴിക്കോട്‌
സ്വദേശി.

എക്സ്പ്രസ്സ്‌ ഇന്റരസ്റ്റ് ബട്ടണില്‍ വിരലമര്‍ന്നു. കേരള മാട്രിമോണി
നോക്കിയിട്ട് ഇപ്പൊ കുറച്ചായി. ലോഗിന്‍ ചെയ്തു. കാണാന്‍ കൊള്ളാവുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും എക്സ്പ്രസ്സ്‌ ഇന്റരസ്റ്റ് അയച്ചപ്പോഴാണ് രമ്യ
രാധാകൃഷ്ണനെ ഫേസ് ബുക്കില്‍ സെര്‍ച്ച്‌ ചെയ്താലെന്താ എന്ന് തോന്നിയത്‌.

മുഖമുള്ളതും ഇല്ലാത്തതുമായ രമ്യ രാധാകൃഷ്ണന്മാര്‍ വരിവരിയായ്‌
നില്‍ക്കുമ്പോഴാണ് ഉണ്ണിമായ ചാറ്റിലൂടെ “ഹായ്” പറഞ്ഞത്‌. ഉണ്ണിമായ എന്‍റെ
കോളേജ് സീനിയര്‍ ആണ്. ഞാന്‍ കോളേജില്‍ ചേരുമ്പോ അവര്‍ ഫൈനല്‍ ഇയര്‍ ആയിരുന്നു.
അന്നേയുള്ള ബന്ധമാണ്. അവര്‍ക്ക് കൂടപ്പിറപ്പുകള്‍ ആരുമില്ലാത്തത് കൊണ്ട്
എന്നോട് വലിയ സ്നേഹമാണ്. സ്വന്തം ചേച്ചിയോട് തോന്നുന്ന അതേ സ്നേഹം എനിക്കും അവരോട് തോന്നിയിട്ടുണ്ട്. അവരുടെ കല്യാണം ഇതുവരെയും ശരിയായിട്ടില്ല.

എന്താ മായേച്ചി, സുഖം തന്നെയല്ലേ ?

ഓ, എന്നാ പറയാനാന്നേ. ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു.

ഇന്നലെ കണ്ട ഓര്‍ഡിനറി എന്നാ സിനിമയിലെ ഡയലോഗ് അടിക്കാന്‍ പറ്റിയ സമയമിതാണ് എന്ന് മനസ്സിലോര്‍ത്തു ചാറ്റില്‍ ഇങ്ങനെ എഴുതി,

ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ ? ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?

ഞാന്‍ ആകെ കലിപ്പായിട്ടു നില്‍ക്കുവാ. നീ വെറുതെ എന്‍റെ  വായിലിരിക്കുന്നത് കേള്‍ക്കണ്ട.

നിങ്ങളൊന്നു ചൂടവാതെന്റെ മായേച്ചി.

നിന്റെ മായെച്ചിയോ? അതെന്നു മുതല് ?

അല്ല. വല്ലോരുടേം മായേച്ചി.

ങ്ഹാ. അത് തന്നെയാ പ്രശ്നം. വല്ലോരുടേം ആയില്ല.

“എന്നെയിങ്ങനെ തീ തീറ്റാതെ, വല്ലോരുടേം കൂടെ ഇറങ്ങിപ്പോയ്ക്കുടെ നിനക്ക്” എന്ന് അമ്മ പറഞ്ഞപ്പോ ഞാന്‍ ശരിക്ക് തളര്‍ന്നു പോയെടാ.

അയ്യോ, അമ്മയെന്താ അങ്ങനെ പറഞ്ഞത്‌?

ഞാന്‍ പറഞ്ഞില്ലായിരുന്നോ, കഴിഞ്ഞ ആഴ്ച ഒരാള് കാണാന്‍ വന്നത്?

ഏത്‌ ? ആ രാജസ്ഥാന്‍കാരനോ ?

അതെ. ബാലുശ്ശേരിയിലാണ് അവരുടെ വീട്. പക്ഷെ സെറ്റില്‍ ആയിരിക്കുന്നത്
രാജസ്ഥാനിലാണ്. അങ്ങേര്‍ക്കു 42 വയസ്സുണ്ട്. അവിടെ ബിസിനസ്‌ ആണെന്നെ
എല്ലാര്ക്കും അറിയൂ. എന്ത് ബിസിനസ്‌ ആണെന്നൊന്നും ആര്‍ക്കും അറിഞ്ഞുട.
നിനക്കറിയാലോ, ഇതൊക്കെ അന്വേഷിക്കാന്‍ ഇവിടെ ആരാ ഉള്ളത് ? അമ്മാവനൊക്കെ ഞാന്‍ ഒരു ബാധ്യത ആയതു പോലെയാണ് പെരുമാറുന്നത്.

അച്ഛനുണ്ടായിരുന്നെങ്കില്‍…

എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ?

അതല്ലടാ. അമ്മാവന്റെ മോനെക്കൊണ്ട് ഞാന്‍ അന്വേഷിപ്പിച്ചു. ടയര്‍ ബിസിനസ്‌ ആണെന്നാണ് പറഞ്ഞത്‌. ഞാന്‍ ഒരു യെസ് മൂളിയാല്‍ എല്ലാര്ക്കും സന്തോഷമാവും. ഈ കല്യാണം നടക്കുകേം ചെയ്യും. പക്ഷെ എന്നെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. എനിക്ക് ഇഷ്ടമാവാത്ത ഒരാളുടെ കൂടെ ഞാന്‍ എങ്ങനെയാ ജീവിതകാലം മുഴുവന്‍ കഴിയുക? അത്
കൊണ്ട് ഞാന്‍ എനിക്കിഷ്ടമില്ല എന്ന് പറഞ്ഞു. അതോടെ തീര്‍ന്നില്ല. ഇന്നലെ
വൈകുന്നേരം വേറെ ടീം വന്നിരുന്നു. ചെക്കന്‍ ഭോപാലില്‍ സെറ്റില്‍ഡ്. അവന്‍റെ ചേച്ചിയും അമ്മയുമാണ് വന്നത്. അവര്‍ക്കാദ്യം  അറിയേണ്ടത്‌ കല്യാണം റെഡി ആയാല്‍ ഞാന്‍ ജോലി രാജി വയ്ക്കുമോ എന്നാണ്. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു പറ്റില്ലാന്നു. അവര് പോയി കഴിഞ്ഞപ്പോ അമ്മ  ഉറഞ്ഞു തുള്ളി. എന്തൊക്കെയോ പറഞ്ഞു.

നീയിങ്ങനെ രാജകുമാരനെയും കാത്ത് ഇങ്ങനെ നിന്നോ. അവസാനം മൂക്കില്‍ പല്ല് വരും എന്നൊക്കെ. ഞാന്‍ പറഞ്ഞു, എനിക്കീ ജോലിയുള്ളിടത്തോളം കാലം വരെ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. കല്യാണം നടന്നില്ലേല്‍ വേണ്ട എന്ന്. അപ്പോഴാ പറഞ്ഞത്‌, എന്‍റെ മനസ്സമാധാനം തകര്‍ക്കാതെ വല്ലവരുടെയും  കൂടെ ഇറങ്ങിപ്പോയ്ക്കുടെ എന്ന്.

വല്ലവരുടെയും കൂടെ ഇറങ്ങിപ്പോയാല്‍ ഉണ്ടാവുന്ന ചീത്തപ്പേര് അമ്മ സഹിക്കുമോ എന്ന ചോദ്യം അമ്മ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു.

പിന്നെ കുറെ കരച്ചിലും പിഴിച്ചിലും…

മം. സാരമില്ലെന്നേ. എല്ലാം ശരിയാകും. അല്ലെങ്കിലും ഒരു കപ്പ്‌ ചായയ്ക്കോ
കാപ്പിക്കോ ഇടയില്‍ കിട്ടുന്ന 5 നിമിഷമാണല്ലോ നമ്മുടെയൊക്കെ ജീവിതം
തീരുമാനിക്കുന്നത്?.

മാട്രിമോണി വഴി ഇപ്പൊ പ്രൊപോസല്‍ ഒന്നും വരാറില്ലേ?
Image
ഞാനെന്‍റെ കേരള മാട്രിമോണിയിലെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു.

എന്തുപറ്റി?

കഴിഞ്ഞാഴ്ച എന്‍റെ പ്രൊഫൈലില്‍ ഒരാള്‍ ഇന്റെരെസ്റ്റ്‌ അയച്ചിരുന്നു. അവരെ അമ്മാവന്‍ വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചപ്പോ പറഞ്ഞത്‌ എത്രയും വേഗം ബാക്കി കാര്യങ്ങള്‍ വിളിച്ചു പറയാം എന്നാണ്. ഇതൊക്കെ കേട്ടപ്പോ തന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമായി. ആ ചേട്ടന്‍ ഫേസ് ബുക്കിലുണ്ട്. എന്നെ ഫ്രണ്ട് റിക്വസ്റ്റ് അസെപ്റ്റ്‌  ചെയ്തു. പക്ഷെ അത് കഴിഞ്ഞതിനു ശേഷം പിന്നെ അവരുടെ ഭാഗത്ത്‌ നിന്നും ഒരു മറുപടിയും വന്നില്ല. എന്ത് പറ്റിയെ ആവോ ?

ഇനി ചിലപ്പോ അവന്‍ നമ്മളെപ്പോലെ ഉള്ള വല്ലവനും ആകും.

എന്ന് വച്ചാല്‍?

വെറുതെ മാട്രിമോണി ഓപ്പണ്‍ ചെയ്തു വച്ചു കാണുന്നവര്‍ക്കൊക്കെ റിക്വസ്റ്റ്
അയക്കുവര്‍.

അപ്പൊ അവന്‍ വെറുതെ അയച്ചതായിരിക്കുമോ? നീ അങ്ങനെ വെറുതെ അയക്കാറുണ്ടോ?

ഞാന്‍ വെറുതെ പറഞ്ഞതാ. ഞാന്‍ അങ്ങനെ അയക്കാറില്ല. പക്ഷെ കുറെ പേര്‍ അങ്ങനെ ചെയ്യാറുണ്ട്. ഇപ്പോഴും അവരുടെ സൈഡില്‍ നിന്നും ഒരു റസ്പൊന്‍സും ഇല്ലെങ്കില്‍ പിന്നെ അതങ്ങനെ ആവാനേ തരമുള്ളൂ.

നീയടക്കമുള്ള മിക്കവാറും ആണുങ്ങള്‍ക്കും ഇതൊക്കെ വെറും തമാശയാണ്. സ്വന്തം മക്കള്‍ക്ക്‌ അനുയോജ്യരായ വധൂ വരന്മാരെ തേടുന്ന മാതാപിതാക്കളോടും സ്വന്തമായി പങ്കാളിയെ തേടുന്ന എന്നെയുമോക്കെയാണ് വെറുതെ ഒരു ആശ തന്നിട്ട് കൊതിപ്പിക്കുന്നത്. ഞങ്ങള്‍ക്കിത് ജീവിതമാണ്. ഒരുപാടു സ്വപ്‌നങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് കൊതിച്ചിരിക്കുന്ന ജീവിതം. ആ സ്വപ്നമാണ് നിങ്ങളെപ്പോലെയുള്ള  ആണുങ്ങള്‍ ചവിട്ടി മെതിക്കുന്നത്. ഇതൊക്കെ മനസ്സിലാകണമെങ്കില്‍ നീയും ഒരച്ഛനാവണം. കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളുടെ അച്ഛന്‍.

എന്‍റെ മായേച്ചി, നിങ്ങളോന്നടങ്ങ്‌.

ഇന്റെരെസ്റ്റ്‌ ഇല്ലെങ്കില്‍ അവരോട് ഡിക്ലൈന്‍ ചെയ്തോളാന്‍ ഞാന്‍ പറഞ്ഞതാ. അതും ചെയ്യുന്നില്ല.

നിങ്ങളിത് വലിയ ഇഷ്യൂ ആക്കണ്ട മായേച്ചി.

ഈയൊരു പ്രൊപോസല് വന്നപ്പോ എല്ലാര്ക്കും ഭയങ്കര സന്തോഷായി. പക്ഷെ അവരൊന്നും പറയുന്നില്ലെങ്കില്‍ പിന്നെ നമ്മളെന്തു ചെയ്യാനാ?. എന്‍റെ കല്യാണമൊക്കെ ഞാന്‍ തന്നെ നോക്കണം. സഹായിക്കാനൊന്നും ആരും ഇല്ല. കുടുംബക്കാരോക്കെ വെറുതെ ഒരു പേരിന് മാത്രേയുള്ളൂ. അച്ഛന്‍ അങ്ങു പോയപ്പോ പിന്നെ മൊത്തം ഒരു ശൂന്യതയാണ്.

ഈയിടെയായിട്ട് പുറത്തോട്ടിറങ്ങാന്‍ പറ്റുന്നില്ല. എല്ലാവര്ക്കും ഒരേ ചോദ്യം.
എന്താ മോളെ, കല്യാണമൊന്നും ആയില്ലെന്ന്? പോരാത്തതിന് ദയനീയമായ നോട്ടങ്ങളും. ഈ ഒരു പ്രൊപോസല് വന്നപ്പോ ഞാന്‍ എത്ര നേര്ച്ചകളൊക്കെ നേര്‍ന്നിട്ടുണ്ടെന്നറിയാമോ ?

അല്ലെങ്കിലും നാട്ടുകാര്‍ക്ക്‌ ഈ വക കാര്യത്തില് ഭയങ്കര ഉത്കണ്‍ഠയായിരിക്കും.
എന്നാലവരൊന്നും ഒരു നല്ല ആലോചന കൊണ്ടുവരില്ല. കുറ്റം പറയാന്‍ മാത്രം എല്ലാവരും കാണും.  ചേച്ചി പേടിക്കണ്ട. കല്യാണം എത്രയും വേഗം ശരിയാവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം.

കല്യാണം നടക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണ്ട. ഇതുപോലെ ഇനിയും ആരും
പറ്റിക്കരുതെന്നു പ്രാര്‍ഥിച്ചാല്‍ മതി.

അതൊന്നുമില്ല ചേച്ചി. ചേച്ചിയുടെ മനസ്സിന്റെ നന്മയ്ക്കൊത്ത ഒരാളെ കിട്ടും.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ കല്യാണം കഴിഞ്ഞാല്‍ അതാ നല്ലത്, അത് കഴിയുന്തോറും സ്വന്തം വീട്ടില്‍ അധികപ്പറ്റാവും. ജോലി കൂടെ ഇല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുകയൊന്നും വേണ്ട. എല്ലാം ശരിയാവും. എല്ലാം കാണുന്ന ഒരാള്‍ ഉണ്ടല്ലോ ?

ആര് കാണുന്നു ? ഇത്രേം കാലമായിട്ടും കാണുന്നില്ലല്ലോ ? എനിക്ക് മടുത്തു.
ശോഭനയും, മദര്‍ തെരെസയുമോന്നും കല്യാണം കഴിച്ചിട്ടല്ലല്ലോ ജീവിക്കുന്നത്
അല്ലെങ്കില്‍ ജീവിച്ചത്? എനിക്കിപ്പോ കല്യാണം കഴിക്കണമെന്നോന്നും
തോന്നുന്നില്ല. ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചാല്‍ മതി. പക്ഷെ അമ്മയുടെ വിഷമം കാണുമ്പോള്‍ എനിക്ക് ഭയങ്കര സങ്കടം തോന്നും. എനിക്കിപ്പോ ഒരു വലിയ അനാഥത്വം ഫീല്‍ ചെയ്യുന്നു. എന്നെ ആര്‍ക്കും വേണ്ട അല്ലെ ?

ചേച്ചി ഇങ്ങനെയൊന്നും പറയാതെ. എല്ലാം ശരിയാവും.

ശരി പോട്ടെടാ. ഇതൊക്കെ നിന്നോട് പറഞ്ഞപ്പോ ഒരു സമാധാനമുണ്ട്. നീ ആര്‍ക്കും വെറുതെ എക്സ്പ്രസ്സ്‌ ഇന്റെരെസ്റ്റ്‌ ഒന്നും അയക്കരുത് കേട്ടോ. നീ അങ്ങനൊന്നും ചെയ്യില്ല എന്നെനിക്കറിയാം. എന്നാലും ഞാന്‍ വെറുതെ പറഞ്ഞെന്നേയുള്ളൂ. പിന്നെ കാണാം. ബൈ

ആ വാക്കുകള്‍ ഒരു ചാട്ടുളി കണക്കെ എന്നെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. ഈശ്വരാ.. ഞാന്‍ രാവിലെ ചെയ്തത് എത്ര വലിയ ചതിയാണ്. ഞാന്‍ അയച്ച റിക്വസ്റ്റ്കളൊക്കെ ആ പെണ്‍കുട്ടികള്‍ക്ക്‌ എന്തുമാത്രം പ്രതീക്ഷകളായിരിക്കും നല്‍കിയിട്ടുണ്ടാവുക?

ഇന്റിമേറ്റ് മാട്രിമോണി പേജ് തുറന്നുനോക്കി. ഇപ്പോള്‍ രമ്യ രാധാകൃഷ്ണന്റെ
മുഖത്ത് നേരത്തെ കണ്ട ചിരിയില്ല. പകരം സഹതാപവും ദേഷ്യവും നിറഞ്ഞ നോട്ടം മാത്രം . തീഷ്ണമായ ആ നോട്ടം എന്റെ ഉള്ളു പൊള്ളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്‍റെ  എല്ലാ  മാട്രിമോണി ഐഡികളും ഡിലീറ്റ് ചെയ്തു.

ആദ്യ പ്രണയലേഖനം

എന്‍റെയുള്ളിന്‍റെയുള്ളില്‍

വിരുന്നു വന്ന പൂങ്കാറ്റെ

നിന്‍റെ പാരിജാതമലരിന്‍റെ

സൌരഭ്യമാര്‍ന്ന ഓളങ്ങള്‍

എന്നുള്ളില്‍ പ്രേമത്തിന്‍

അലകടലുയര്‍ത്തി

നിന്നെ ഞാന്‍ പ്രേമിക്കുന്നു സഖി

നിന്നെ ഞാന്‍ സ്നേഹിക്കുന്നു.

പ്രിയപ്പെട്ട ആകാശമേ

മരങ്ങളെ

കിളികളെ

എന്നെ

അവളോടൊപ്പം ചേര്‍ക്കുക

പകല്‍മഞ്ഞിന്‍റെ

വെളുത്ത

കുപ്പായമണിഞ്ഞ്‌

നിന്നെ ഞാനെന്‍റെ

ഹൃദയത്തില്‍ സൂക്ഷിക്കുന്നു…

കേരളോത്സവം

എല്ലാ റോഡുകളും റോമിലേക്ക് എന്ന് പറഞ്ഞതുപോലെ ചെറുതും വലുതുമായ ആള്‍ക്കൂട്ടങ്ങള്‍ പോകുന്നത് വട്ടോളിയിലേക്കാണ്. വട്ടോളി സ്കൂളിന്റെ വിശാലമായ മൈതാനത്ത്‌ ഇന്നും നാളെയുമായി കേരളോത്സവം നടക്കുകയാണ്. യുവജനങ്ങള്‍ക്ക്‌ അവരുടെ കഴിവ് തെളിയിക്കാനും അഭിരിചികള്‍ വളര്‍ത്തിയെടുക്കുവാനും തങ്ങളുടെ മികവ് സംസ്ഥാന തലത്തില്‍ അല്ലെങ്കില്‍ ദേശീയ തലത്തില്‍ മാറ്റുരയ്ക്കുന്നതിനു വരെ കേരളോത്സവം വേദിയൊരുക്കാറുണ്ട്.

ഉച്ചഭാഷിണിയിലൂടെ നല്ല ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പുട്ടിനു തേങ്ങ ഇടുന്നത് പോലെ കര്‍ണ്ണഘടോരമായ  ശബ്ദം അനൌന്‍സ്മെന്റ്റ് ആയി വരുന്നുമുണ്ട്. അപ്പോഴാണ്‌ കോളേജ് റോഡില്‍ കൂടെ ഒരു പെണ്‍പട നടന്നു വരുന്നത് കണ്ടത്‌.

ഈ രമണിയും ടീമും ഇതെങ്ങോട്ടാ ?

രമണിയേച്ചിയേ, എങ്ങോട്ടാ ഇത്ര ദ്രുതിയില്‍?

വട്ടോളിയിലെക്കാണ് കേരളോത്സവമല്ലേ, ഒന്ന് ചെന്നുനോക്കട്ടെ.

അതേയ് അതിനവിടെ ഓലമെടച്ചി ലൊന്നുമില്ല.

നീ പോ മോനെ ദിനേശാ എന്ന മോഹന്‍ലാലിന്‍റെ ഡയലോഗും  അടിച്ചു കൊണ്ട് രമണി കടന്നു പോയി. രമണിയാണ് ഞങ്ങളുടെ നാട്ടില്‍ ഏറ്റവും വേഗത്തില്‍ ഓല മെടയുന്ന യുവതി.

അങ്ങനെ ഓരോ തമാശകളുമായി നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക്‌ ജയേഷിന്റെ യമഹ കുതിച്ചുകൊണ്ട് വന്നു. പുറകിലിരുന്ന ശ്യാംജിത്ത് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു

“അളിയാ…വട്ടോളി സ്കൂള്‍ ഗ്രൗണ്ടില്‍ നിറയെ “കളേര്‍സ്”. വിട്ടാലോ ?

അല്ലെങ്കിലും ഇന്നിവിടെ നിന്നിട്ടൊരു കാര്യവുമില്ല. ഞായറാഴ്ചയാണ്. മൊകേരി കോളേജും യുറീക്ക കോളേജും അവധിയാണ്. ഒരു പെണ്‍തരിയെപോലും മഷിയിട്ടു നോക്കിയാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ല. ആ രമണി വരെ പോയി. ഇനിയെന്ത്കാണാനാ ഇവിടെ നില്‍ക്കുന്നെ…

വാ നമുക്കും പോകാം.

അങ്ങനെ ഞങ്ങളെല്ലാവരും വട്ടോളിയിലേക്ക് പുറപ്പെട്ടു. ഇപ്പോള്‍ ഗാനങ്ങളൊക്കെയും മനോഹരമായിട്ടു കേള്‍ക്കാം.

മൈതാനത്തിന്‍റെ ഒരു ഭാഗത്ത്‌ പുരുഷന്മാര്‍ക്കുള്ള ഷോട്ട്പുട്ട് മത്സരം നടക്കുന്നുണ്ട്. കിഴക്ക് ഭാഗത്ത്‌ വനിതകളുടെ ലോങ്ങ്‌ ജമ്പ്‌. സ്വാഭാവികമായും മൈതാനത്തിന്റെ കിഴക്കുവശത്തുള്ള മരത്തണലിലെ പടിക്കെട്ടുകളിലൊന്നില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. അങ്കവും കാണാം, താളിയും ഒടിക്കാം.  “കണ്‍കള്‍ ഇരണ്ടാല്‍ എന്‍ കണ്‍കള്‍ ഇരണ്ടാല്‍”… മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ചേച്ചിയാണ്. വീട്ടിലേക്കു വരുമ്പോ പപ്പടം വാങ്ങണം എന്ന്. ചേച്ചിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ കുട്ടിയെ കണ്ടത്. നീണ്ടു വിടര്‍ന്ന കണ്ണുള്ള , നല്ല മുഖ ഐശ്വര്യമുള്ള കുട്ടി. എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുള്ള അതേ പെണ്‍കുട്ടി. ചേച്ചീ പപ്പടമോക്കെ ഞാന്‍ വാങ്ങിച്ചോളാം, ഇപ്പൊ ഫോണ്‍ വയ്ക്ക്..ഈ കുട്ടിയെ ഒന്ന് ട്രൈ ചെയ്തു നോക്കിയാലെന്താ എന്ന് ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ.

ഹലോ.. ശ്രീലാല്‍ വീട്ടില്‍ തന്നെയുണ്ടോ? ഇന്നിങ്ങോട്ടു കണ്ടില്ലല്ലോ എന്നാ എന്റെ ചോദ്യത്തിന്, ചേട്ടാ, ഇത് പഴയ നമ്പര്‍ അല്ലെ, പുതിയത് വല്ലതും ഉണ്ടേല്‍ ട്രൈ ചെയ്യ് എന്ന അവളുടെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. നീ പോടീ ഉണ്ടക്കണ്ണി, നിന്നെ ഞാന്‍ എടുത്തോളാം എന്ന എന്റെ അത്മരോഷത്തിനു, ഒരു നോട്ടത്താല്‍ മറുപടി നല്‍കി അവള്‍ ഓടിപ്പോയി.

ശ്യാംജിത്ത് ഉടനെ വന്നു എന്റെയടുത്ത് ചോദിച്ചു, നീ എന്ത് പരിപാടിയാ കാണിച്ചേ ? അത് നമ്മടെ സ്കൂളിലെ ഹെഡ് മാഷിന്റെ മകളാണ്. ഇനി നിനക്ക് പണി പാലും വെള്ളത്തില് കിട്ടിക്കോളും.

അങ്ങ് ദൂരെ നിന്ന് ആ കുട്ടി അവളുടെ അച്ഛനോട് സംസാരിക്കുന്നത് ഞങ്ങള്‍ക്ക് ഇവിടെ നിന്ന് കാണാം. ഇവളെന്തിനാ ഇതൊക്കെ സീരിയസ് ആയി എടുക്കുന്നത്. അവളുടെ സൌന്ദര്യത്തിനു ഞാന്‍ കൊടുത്ത ഗ്രേയ്സ് മാര്‍ക്ക്‌ ആയി കണ്ടാല്‍ പോരെ ?

സംഘാടക സമിതിയിലെ 2 -3 ചേട്ടന്മാര്‍ അവര്‍ക്കടുതെക്ക് വരുന്നതും കാണാനായി. ഭഗവാനെ, അത് രാജേട്ടനും ചന്ദ്രെട്ടനുമാണല്ലോ. അവര്‍ക്കൊക്കെ എന്നെ നന്നായറിയാം. അവരെന്റെ നേര്‍ക്ക് കൈ ചൂണ്ടുന്നത് കാണുന്നുണ്ട്. എല്ലാം കുളമായി. ഈശ്വരാ..ഏത് നേരത്താണാവോ ഈ ഹലാകിന്റെ ബുദ്ധി എനിക്ക് തോന്നിയത് . എല്ലാവരും പിരിഞ്ഞു പോയി, ഒരു മിനിറ്റ് തികഞ്ഞില്ല അപ്പോഴേക്കും വന്നു അനൌന്‍സ്മെന്റ് :

അപ്പത്താം മാവുള്ളതില്‍ ലികേഷ് കുമാര്‍ ഗ്രൌണ്ടിന്റെ പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍തന്നെ മൈക്ക് പൊയന്റുമായി ബന്ധപ്പെടുക…

ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണത്‌ പോലെയായി എന്റെ അവസ്ഥ . ചെല്ല് , പോയി വാങ്ങിച്ചോ എന്ന സുഹൃത്തുക്കളുടെ പരിഹാസത്തിനിടയില്‍ ഞാന്‍ മൈക്ക് പോയിന്റ്‌ ലക്ഷ്യമാക്കി നടന്നു.

കണ്ണില്‍ ഇരുട്ട് കയറുന്നു, കാലിടറുന്നു, കൈകള്‍ തളരുന്നു, തൊണ്ട വരളുന്നു.. ഇത്രയും കാലും ഉണ്ടാക്കി വച്ച ഇമേജ് ആണ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴാന്‍ പോകുന്നത്. ഇനി അച്ഛന്റെയും അമ്മയുടെയും മുഖത്തെങ്ങനെ നോക്കും എന്ന് തുടങ്ങി പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്ന്‍ പോയി.

ഇതാണോ നിങ്ങള്‍ പറഞ്ഞ ആള് ? ഹെഡ്മാഷ് രാജേട്ടനോട് ചോദിച്ചു .

അതെ ഇത് തന്നെ.

ശിക്ഷാവിധി എന്ത് തന്നെയായാലും അതേറ്റു വാങ്ങാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു.

ലികേഷേ, നമ്മുടെ സ്കൂള്‍ കൊമ്പൌണ്ടിലുള്ള ഡിഷ്‌ ടിവിയുടെ ആന്റിന അഴിക്കാന്‍ ഒരു 30 -32 സ്പാന്നരു വേണം. നീയാ കാറിലെ രവിയെട്ടനോട് പറഞ്ഞു ഒന്ന് സങ്കടിപ്പിച്ചു തരാമോ ?

ഹോ.. ഇത്രേ ഉള്ളോ ?. ഇതിനാണോ ഇത്രേം ടെന്‍ഷന്‍ അടിച്ചത് ? തൂക്കിക്കൊല്ലാന്‍ വിധിച്ച പ്രതിയോട് നിന്നെ വെറുതെ വിട്ടു എന്ന് പറഞ്ഞാല്‍ എന്ത് തോന്നും. ? സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..ഇതൊക്കെ കണ്ടു കൊണ്ട് മാഷിന്റെ മകള് അടുത്ത് തന്നെ നില്‍പ്പുണ്ട്. അവള്‍ടെ മുഖത്ത് ഒരു മന്ദഹാസം. മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. ഇനി അവളുടെ മനസ്സിലും ലഡ്ഡു പൊട്ടിക്കാണുമോ എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്നെ തള്ളിക്കൊണ്ട് രാജേട്ടന്‍ പറഞ്ഞു, ഒന്ന് വേഗം ശരിയാക്കിക്കൊടുക്കെടാ, അത്യാവശ്യമാണ്. അതിനെന്താ, ഇതിപ്പോ ശരിയാക്കിത്തരാം. മൊയ്തീനെ ആ വലിയ സ്പാനെറിങ്ങെടുത്തേ എന്നും പറഞ്ഞു ഞാന്‍ രവിയേട്ടനെ മൊബൈലില്‍ വിളിച്ചു. രവിയേട്ടന്‍ സ്പാന്നര്‍ ഉടനെ കൊടുത്തയാമെന്ന് പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളില്‍ സ്പാന്നര്‍ കിട്ടി. ഞാന്‍ കിട്ടിയപാടെ അതുമെടുത്തോണ്ട് ഹെഡ് മാഷുടെ അടുത്തേക്ക് നടന്നു. ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ചാന്‍സ് അല്ലെ. എന്തിനാ വെറുതെ കളയുന്നത്. പക്ഷെ ആ കൊച്ചു സുന്ദരിയെ എനിക്ക് കാണാനായില്ല..

അങ്ങനെ നിരാശയോടെ നില്‍ക്കുമ്പോഴാണ് അടുത്ത അനൌണ്‍സ്മെന്റ് കേട്ടത്. പുരുഷന്മാര്‍ക്കുള്ള ഡിസ്കസ് ത്രോ മത്സരം ഗ്രൌണ്ടിന്റെ വടക്കുഭാഗത്ത് നടക്കുന്നു. സംഭവം മനസ്സിലായില്ലേ ? മോഹന്‍ലാല്‍ ഒളിമ്പ്യന്‍ അന്തോണി ആദം എന്നാ സിനിമയില്‍ കറക്കിയെരിയുന്ന സാധനം…

അപ്പോഴാണ്‌ എയര്‍ടെല്‍ കുട്ടന്‍ ഓടിവന്നു പറയുന്നത് , നമ്മുടെ ജിത്ത് ഡിസ്കസ് ത്രോവില്‍ പങ്കെടുക്കുന്നുണ്ട്. കാണണേല്‍ വാ എന്ന്.. ഞാന്‍ ചുറ്റിലും നോക്കി. ഇത്രയും നേരം എന്റെ തൊട്ടടുത്ത് നിന്നവനാ. ഒരു വാക്ക് പോലും പറയാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയോ ?

“ചലപില ചലപില ജുംബനക്ക…

ജീയ ഹൂയ ശ്യാംജിത്ത് കെ എം..

“ചലപില ചലപില ജുംബനക്ക…

ജീയ ഹൂയ ശ്യാംജിത്ത് കെ എം…

ശ്യാംജിത്ത് കെ എം കീ ജയ്‌…

ശ്യാംജിത്ത് കെ എം കീ ജയ്‌… തുടങ്ങിയ വിളികളോടുകൂടി ഞങ്ങള്‍ ഡിസ്കസ് ത്രോ നടക്കുന്ന സ്ഥലത്തേക്ക് നടന്നു. മത്സരം നടക്കുന്നിടത്ത് ആകെകുറച്ചു പേരെ ഉള്ളു. ഡിസ്കസ് ത്രോ യില്‍ പങ്കെടുക്കാന്‍ 6 പേര് ഒരു വരിയില്‍ നില്‍ക്കുന്നുണ്ട്. ഏറ്റവും അവസാനമായി നമ്മുടെ ശ്യാംജിത്തും… അശോകന്‍ മാസ്റ്റര്‍ എല്ലാത്തിനും മേല്‍നോട്ടം വഹിക്കാന്‍ അവിടെത്തന്നെയുണ്ട്. ജിത്തിന്റെ ഓരോ ത്രോ-യ്ക്കും ഞങ്ങള്‍ കൂകി വിളിച്ചു കൊണ്ടിരുന്നു. ചുമ്മാതെയൊന്നുമല്ല. ഈ ത്രോ കഴിഞ്ഞിട്ട് വേണം അവന്റെ ചിലവില്‍ നാരങ്ങ സോഡാ കുടിക്കാന്‍..അവന്ടടുത്തു നിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.

ജിത്തിന് പ്രോത്സാഹനസമ്മാനം കിട്ടിയില്ല എന്ന് മാത്രമല്ല കൂകികൂകി തൊണ്ടയിലെ വെള്ളം വറ്റിച്ച ഞങ്ങള്‍ക്ക് തൊണ്ട നനക്കാന്‍ പച്ചവെള്ളം പോലും തന്നില്ല. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നൊക്കെ പറഞ്ഞു ജിത്തിനെ ആശ്വസിപ്പിക്കുന്നതിനിടയില്‍ അടുത്ത അനൌണ്‍സ്മെന്റ് :  വനിതകള്‍ക്കുള്ള ഡിസ്കസ് ത്രോയില്‍ ഗ്രൌണ്ടിന്റെ വടക്കുഭാഗത്ത് നടക്കുന്നു… അളിയാ എഴുന്നേല്‍ക്ക്.. വനിതകള്‍ക്കുള്ള ഡിസ്കസ് ത്രോ.. അനൌണ്‍സ്മെന്റ് തീരുന്നതിനു മുന്‍പേ അവിടം ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു.

ആദ്യത്തെ മത്സരാര്‍ത്ഥിയെ കണ്ടു ഞങ്ങളെല്ലാവരും ഞെട്ടി. രമണി…അല്പം മുന്‍പ് മൊകേരിയില്‍ വച്ചുകണ്ട അതേ രമണി. ജനിച്ചിട്ട് ഇന്നുവരെ ഡിസ്കസ് ത്രോ കണ്ടിട്ടില്ലാത്തവളാണ് ഇപ്പൊ അതില്‍ പങ്കെടുക്കാന്‍ പോകുന്നത്.

രമണി ഓല മെടച്ചിലില്‍ ബിരുദാനന്ദര ബിരുദം എടുത്തവളാണ്. പിന്നെ ഓല മെടച്ചില്‍ ഒരു ഗോമ്പറ്റിഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പോന്നും ഗിട്ടിയിട്ടില്ല.

അശോകന്‍ മാസ്റ്റര്‍ വിസിലടിച്ചു.

രമണി കണ്ണും പൂട്ടി ഒരൊറ്റ ഏറ്. കണ്ടു കൊണ്ടിരിരുന്ന ആള്‍ക്കാരൊക്കെ ഒരു നിമിഷത്തേക്ക് സ്തബ്ധരായി.

കണ്ണുകളെ വിശ്വസിക്കാന്‍ വയ്യ. പുരുഷന്മാര്‍ ഏറിഞ്ഞതിനെക്കാളും കൂടുതല്‍ ദൂരത്തില്‍ ഡിസ്ക് ചെന്ന് വീണിരിക്കുന്നു.

അതെ, പുതിയ ഒരു താരം പിറന്നിരിക്കുന്നു .. ജീവിതത്തില്‍ ആദ്യമായി ഡിസ്കസ് ത്രോ ചെയ്യുന്ന ഒരു വനിത ഇത്രയും ദൂരെ എറിയുക എന്ന് വച്ചാല്‍ ?

നന്നായി പരിശീലിപ്പിച്ചാല്‍ അവള്‍ കേരളത്തിനു എന്തിനു, ഭാരതത്തിനു തന്നെ അഭിമാനമായേക്കാം.

ഓ..ഇതൊക്കെ എന്ത് എന്നാ മട്ടില്‍ നില്‍ക്കുകയാണ് രമണി. ഹലിന കൊനോപാക്കയുടെ ലോക റെക്കോര്‍ഡ്‌ വെട്ടിച്ചോ ഇവള്‍ എന്ന് പറഞ്ഞുകൊണ്ട് അശോകന്‍ മാസ്റ്റര്‍ അവളെറിഞ്ഞ ദൂരം അളക്കാന്‍ പറഞ്ഞു. പഞ്ചായത്ത്‌ ചിലവില്‍ ഇവള്‍ക്ക് നല്ല പരിശീലം ഏര്‍പ്പാടാക്കാന്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ ഞന്‍ വേണ്ടത് ചെയ്യുന്നുണ്ട് എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉറപ്പു കൊടുത്തു.

2016 ലെ ഒളിമ്പിക്സില്‍ ബ്രസീലിന്റെ മണ്ണിനെ പുളകം കൊള്ളിച്ചുകൊണ്ട് രമണി വിക്ടറി സ്റ്റാന്ടില്‍ കയറുന്നതും മറ്റു പതാകകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയരുന്നതും ഒരിക്കല്‍ കൂടി ഒളിമ്പിക്സില്‍ ജനഗണമന മുഴങ്ങിക്കേള്‍ക്കുന്നതും ഒരു ഞൊടിയിടയ്ക്കുള്ളില്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. അശോകന്‍ മാസ്റ്റരുടെ ആക്രോശം കേട്ടുകൊണ്ടാണ് ഞാന്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു വരുന്നത്.

ഇവിടെ വച്ച 50 മീറ്ററിന്റെ ടേപ്പ് എവിടെ ???

അപ്പോഴാണ്‌ ഗ്രൌണ്ട് ബോയ്സ് പൊട്ടി തരിപ്പണമായ മീറ്റര്‍ ടേപ്പും എടുത്തു കൊണ്ട് വന്നത്.

മാഷേ ഇപ്പൊ ഇവിടെ നിന്ന് എറിഞ്ഞത് ഡിസ്ക് അല്ല മീറ്റര്‍ ടേപ്പാണ്..

അതുവരെ നീണ്ടു നിന്ന ആകാംക്ഷ വലിയൊരു പൊട്ടിച്ചിരിയിലേക്ക് വഴിമാറിയപ്പോഴേക്കും രമണി സ്ഥലം വിട്ടിരുന്നു.

ഇപ്പഴും എവിടെയെങ്കിലും കായിക മേള നടക്കുന്നു എന്നറിയുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് രമണിയുടെ മുഖമാണ്… .ഡിസ്കസ് ത്രോയ്ക്ക് പുതിയ മാനം നല്‍കിയ രമണിയുടെ മുഖം.

അവയവദാനം മഹാദാനം

ഇരുള്‍ വഴിയിലെവിടെയോ
ഇരപാര്‍ത്തു നില്‍ക്കുന്നു
മൌനം ഭജിക്കുന്ന മരണം.
ഇതുവഴി പോകുവോര്‍ എല്ലാമറിയുന്നു
ഒരു ശ്വാസമകലെയുണ്ടന്ത്യം.
നരനാരിമാര്‍ നമ്മളറിയാന്‍
ഒരുവാക്ക് മൂളുന്നു
നമ്മില്‍ ജ്വലിക്കുന്ന
ജീവല്സ്ഫുലിംഗം കെടുമ്പോള്‍
ബാക്കിയാവുന്നോരീ അവയവങ്ങള്‍
നമ്മള്‍ അപരര്‍ക്ക്‌ നല്‍കിയെന്നാലോ
അവരില്‍ തുടിക്കും ചിരകാലമത്രയും
നമ്മിലെ ജീവന്‍റെ താളം.